ചന്ദ്രബാബു നായിഡു ജയിലിലേയ്ക്ക്: ജാമ്യം നിഷേധിച്ച് വിജയവാഡ എസിബി കോടതി, ടിഡിപി ഹൈക്കോടതിയെ സമീപിക്കും

സെപ്റ്റംബർ 9 നു പുലർച്ചെയാണ് കാരവനിൽ വിശ്രമിക്കുകയായിരുന്നു ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തത്.

New Update
chandra babu naidu jail

വിജയവാഡ; അഴിമതിക്കേസിൽ ആന്ധ്രപ്രദേശ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. വിജയവാഡ എസിബി പ്രത്യേക കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചു. സെപ്റ്റംബർ 23 വരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട കോടതി നായിഡുവിനെ രജമുണ്ട്രി സെൻട്രൽ ജയിലേയ്ക്ക് മാറ്റാനും ഉത്തരവിട്ടു. എപി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട 371 കോടിയുടെ അഴിമതിക്കേസിലാണ് നടപടി.

Advertisment

സെപ്റ്റംബർ 9 നു പുലർച്ചെയാണ് കാരവനിൽ വിശ്രമിക്കുകയായിരുന്നു ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തത്. നായിഡുവിനൊപ്പം മകൻ മകൻ നാരാ ലോകേഷിനെയും ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് ചന്ദ്രബാബു നായിഡു. ജാമ്യമില്ലാ വകുപ്പുകളാണ് നായിഡുവിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, നായിഡുവിന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ടിഡിപി ഹൈക്കോടതിയെ സമീപിക്കും. പ്രത്യേക കോടതി ഉത്തരവിന് എതിരെ ഇന്ന് തന്നെ മേല്‍ക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽനിന്ന് കോടികൾ തട്ടിയെന്നതാണ് നായിഡു ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കേസ്. 2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിഡിപി സർക്കാർ 2016-ൽ എ പി സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എപിഎസ്എസ്‌ഡിസി) എന്ന പദ്ധതി ആരംഭിച്ചിരുന്നു.

3,300 കോടി രൂപയുടെ ഈ പദ്ധതിയിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മാർച്ചിൽ അന്വേഷണം ആരംഭിക്കുകയും അറസ്റ്റിൽ എത്തുകയുമായിരുന്നു.

chandra babu naidu
Advertisment