എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. അതില്‍ നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങള്‍ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തില്‍ ഉപരോധങ്ങള്‍ ഉണ്ടാകും. നവംബര്‍ 19ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുത്, അല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകും' സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പന്നൂന്‍ പറയുന്നു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളം നവംബര്‍ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂന്‍ അവകാശപ്പെട്ടു. ക്രിക്കറ്റ് ലോകകപ്പിന്റെ അവസാന മത്സരം നടക്കുന്ന അതേ ദിവസം തന്നെയാണ് ഖാലിസ്ഥാനി ഭീകരന്‍ ഉയര്‍ത്തിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്.
ഒക്ടോബര്‍ 10ന്, യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) തലവനായ പന്നൂന്‍, ഇന്ത്യയിലും സമാനമായ സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയിരുന്നു. 'പഞ്ചാബ് മുതല്‍ പലസ്തീന്‍ വരെ നിയമവിരുദ്ധ അധിനിവേശത്തിന് കീഴിലുള്ള ആളുകള്‍ പ്രതികരിക്കും. അക്രമം അക്രമത്തിന് കാരണമാകുന്നു' പന്നൂന്‍ മുന്‍പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അമൃത്സറില്‍ ജനിച്ച പന്നൂന്‍ 2019 മുതല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും, പഞ്ചാബിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തന്റെ ഭീഷണികളും, മറ്റ് കുതന്ത്രങ്ങളും വഴി ഭയവും ഭീകരതയും പ്രചരിപ്പിക്കുന്നതിലും ഇയാള്‍ കൃത്യമായ പങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്നു. 2021 ഫെബ്രുവരി 3ന് പ്രത്യേക എന്‍ഐഎ കോടതി പന്നൂനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.