/sathyam/media/media_files/ukYEh0nWNA7D3BdFYtUw.jpg)
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ പ്രത്യേക കോടതി ജാമ്യത്തില്‍ വിട്ടയച്ച അഞ്ച് പ്രതിരോധ വോളന്റിയര്‍മാരില്‍ ഒരാളെ കേന്ദ്ര സുരക്ഷാ ഏജന്‍സി വീണ്ടും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വീണ്ടും അറസ്റ്റിലായ യുവാവിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജാമ്യം ലഭിച്ചതിന് പിന്നാലെ അറസ്റ്റിലായ നാല് പേരെ കുടുംബാംഗങ്ങളോടൊപ്പം അയച്ചിരുന്നെന്നും എന്നാല്‍, നിരോധിത പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ മുന്‍ കേഡറായ മൊയ്രംഗ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ പറഞ്ഞു. 'എന്റെ ഭര്‍ത്താവിനെ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു' ഇംഫാല്‍ പോലീസ് സ്റ്റേഷനു മുന്നിലെത്തിയ ആനന്ദിന്റെ ഭാര്യ പറഞ്ഞു.
'ഞങ്ങളെ നാല് പേരെ ലോക്കപ്പില്‍ നിന്ന് വിട്ടയച്ചെങ്കിലും, കുറച്ച് ഉദ്യോഗസ്ഥര്‍ ആനന്ദിനെ കൊണ്ടുപോയി. അന്നാണ് ഞങ്ങള്‍ അവനെ അവസാനമായി കണ്ടത്' ജാമ്യം ലഭിച്ച വോളന്റിയര്‍മാരില്‍ ഒരാളായ എല്‍ മൈക്കിള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ക്വാക്കീഥെല്‍ സ്‌ട്രെച്ച്, സിംഗ്ജമേയ്, ഉറിപോക്ക് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധിച്ച് അവര്‍ റോഡിന് നടുവില്‍ ടയറുകള്‍ കത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ഇംഫാലിലെ പ്രത്യേക കോടതി 50,000 രൂപയുടെ പിആര്‍ ബോണ്ടില്‍ അഞ്ച് പേരെ ജാമ്യത്തില്‍ വിട്ടയച്ചത്. സെപ്തംബര്‍ 16ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ കോങ്ബയില്‍ വെച്ച് മറ്റ് നാല് പേര്‍ക്കൊപ്പം അറസ്റ്റ് ചെയ്തപ്പോള്‍ 78 വെടിയുണ്ടകളുള്ള ഒരു ഇന്‍സാസ് ( INSAS) റൈഫിള്‍ ആനന്ദിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. അറസ്റ്റിന് പിന്നാലെ അഞ്ച് വില്ലേജ് ഡിഫന്‍സ് വോളന്റിയര്‍മാരെയും നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us