മണിപ്പൂരില്‍ സൈനികവേഷം ധരിച്ച് ആയുധങ്ങളുമായി അറസ്‌റ്റിലായ അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. മെയ്‌തെയ് വനിതകളുടെ കൂട്ടായ്മയായ മീരാ പൈബിയും അഞ്ച് പ്രാദേശിക കൂട്ടായ്‌മകളുമാണ് അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്‌തത്.
മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ ബന്ദിനെതുടര്‍ന്ന് അടഞ്ഞുകിടന്നു. ഇന്നും നാളെയും നടത്താനിരുന്ന മണിപ്പൂരിലെ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പത്താം ക്ലാസ് പരീക്ഷകള്‍ ബന്ദിനെ തുടര്‍ന്ന് മാറ്റിവച്ചു. അവ പിന്നീടുള്ള തീയതിയില്‍ പുനഃക്രമീകരിക്കും.
യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുറായി, കോങ്ബ, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കക്വ, ബിഷ്ണുപൂര്‍ ജില്ലയിലെ നമ്പോള്‍, തൗബാല്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി പ്രധാന റോഡുകളും പ്രതിഷേധക്കാര്‍ തടഞ്ഞു.
ശനിയാഴ്‌ചയാണ് അഞ്ച് യുവാക്കളെ മണിപ്പൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റിലായ അഞ്ച് പേരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്‌റ്റഡിയില്‍ വിട്ടയച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. 'അറസ്‌റ്റിലായ അഞ്ച് യുവാക്കള്‍ സാധാരണക്കാരും ഗ്രാമ സന്നദ്ധപ്രവര്‍ത്തകരുമാണ്. സുരക്ഷാ സേന അവരുടെ ജോലി ശരിയായി ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കുക്കി സോ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ നിന്ന് അവരാണ് ഗ്രാമങ്ങളെ സംരക്ഷിക്കുന്നത്. അവരെ ഉടന്‍ വിട്ടയക്കണം" ഓള്‍ ലംഗ്തബല്‍ കേന്ദ്ര യുണൈറ്റഡ് ക്ലബ്ബ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് യുംനാം ഹിറ്റ്ലര്‍ പറഞ്ഞു.
ഇവരെ വിട്ടയക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും യുംനാം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്‌ച, അഞ്ച് യുവാക്കളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പോറമ്പാട്ട് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാരെ തുരത്താന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയുണ്ടായി. സംഘര്‍ഷത്തിനിടെ ഏതാനും പ്രതിഷേധക്കാര്‍ക്കും ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു