നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കണം: രാഷ്ട്രപതിക്ക് കത്ത് നല്‍കി എം കെ സ്റ്റാലിന്‍

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തമിഴ്‌നാട്ടിലുടനീളം സിഗ്നേച്ചര്‍ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.

New Update
mk stalin droupadi murmu


സംസ്ഥാന നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നേരിട്ട് കത്ത് നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്ത് കൈമാറിയത്. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് രാഷ്ട്രപതി. 

Advertisment

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തമിഴ്‌നാട്ടിലുടനീളം സിഗ്നേച്ചര്‍ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ വകുപ്പും ആയുഷ് മന്ത്രാലയവും ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയതായി രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 

'ബില്ലിന് അംഗീകാരം നല്‍കുന്നതിനുള്ള കാലതാമസം ഉണ്ടാകുന്നതിലൂടെ ഉയര്‍ന്ന ഫീസിലുള്ള കോച്ചിംഗ് സൗകര്യങ്ങള്‍ താങ്ങാന്‍ കഴിയാത്ത നിരവധി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം നഷ്ടപ്പെടുത്തിയെന്ന്' സ്റ്റാലിന്‍ പ്രസിഡന്റ് മുര്‍മുവിന് നല്‍കിയ കത്തില്‍ പറയുന്നു.

നീറ്റ് പരീക്ഷ പാസാകുമോയെന്ന ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 22 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ നീറ്റ് വരുത്തിയ ആഘാതം പഠിക്കുന്നതിനായി റിട്ടയേര്‍ഡ് ജസ്റ്റിസ് എ കെ രാജന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. 

ദേശീയ പൊതുപ്രവേശന പരീക്ഷ ഒഴിവാക്കി 12-ാം ക്ലാസ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം അനുവദിച്ചിരുന്ന മുന്‍ സമ്പ്രദായത്തിലേക്ക് മടങ്ങുന്നതാണ് നിലവിലെ ബില്‍. 

neet mk stalin droupadi murmu
Advertisment