2040ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ഐഎസ്ആര്‍ഓയ്ക്ക് നല്‍കി. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് മോദി ഈ നിര്‍ദ്ദങ്ങള്‍ നല്‍കിയത്.
2035 ആകുമ്പോഴേയ്ക്കും ബഹിരാകാശ കേന്ദ്രം തുറക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ നരേന്ദ്ര മോദി ബഹിരാകാശ വകുപ്പിന് കൈമാറിയിട്ടുണ്ട്. അടുത്തിടെ ചന്ദ്രയാന്‍ 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2040 ആകുമ്പോഴേക്കും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഗഗന്‍യാന്‍ ദൗത്യം വിജയിച്ചാല്‍, അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 5.3 ടണ്‍ മൊഡ്യൂളായ ബഹിരാകാശ പേടകം, മൂന്ന് അംഗ സംഘത്തെ ഭ്രമണപഥത്തിലെത്തിക്കാനും ഏഴ് ദിവസത്തെ ദൗത്യ കാലയളവിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
പുതിയതും, വലുതുമായ ദൗത്യങ്ങള്‍ക്ക് ഇസ്രൊ തുടക്കമിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതില്‍ ആദ്യത്തേത് 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍' (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) 2035ഓടെ നിര്‍മിക്കുന്നതാണ്. ആദ്യ ബഹിരാകാശ യാത്രികനെ ചന്ദ്രനിലേക്ക് അയക്കുന്നതാണ് അടുത്ത ദൗത്യമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ചന്ദ്ര പര്യവേഷണത്തിനായി ഒരു രൂപരേഖ തയ്യാറാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഇന്ത്യയുടെ ശാസ്ത്രജ്ഞരുടെ കഴിവുകളില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ബഹിരാകാശ പര്യവേക്ഷണത്തില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.