സിക്കിം ദുരന്തം അപ്രതീക്ഷിതമല്ല; വിദഗ്‌ധർ പലതവണ മുന്നറിയിപ്പ് നൽകി

വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തെ കുറിച്ചുള്ള മുന്നറിയിപ്പ് 2021 നൽകിയിരുന്നു. എന്നാൽ ഇതെല്ലാം ബന്ധപ്പെട്ടവർ അവഗണിച്ചു.

author-image
shafeek cm
Updated On
New Update
sikkim cloud burst t.

പതിനാല് പേർ കൊല്ലപ്പെടുകയും 102 പേരെ കാണാതാവുകയും ചെയ്‌ത സിക്കിമിലെ ദുരന്തം അപ്രതീക്ഷിതമല്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സർക്കാർ ഏജൻസികളും ഗവേഷകരും സിക്കിമിൽ ഹിമ തടാകം ഉരുകിയുള്ള അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്നതാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment

വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തെ കുറിച്ചുള്ള മുന്നറിയിപ്പ് 2021 നൽകിയിരുന്നു. എന്നാൽ ഇതെല്ലാം ബന്ധപ്പെട്ടവർ അവഗണിച്ചു. ഇതാണ് വൻ ദുരന്തത്തിലേക്ക് വഴിവെച്ചത്. തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനം ടീസ്‌റ്റ നദീതടത്തിൽ പെട്ടെന്നുള്ള മിന്നൽ പ്രളയത്തിന് കാരണമായി. 22,034 പേരെയാണ് ദുരന്തം ബാധിച്ചത്.

ഒക്‌ടോബർ 4നാണ് ഹിമ തടാകം തകർന്നുള്ള വെള്ളപ്പൊക്കം ഉണ്ടായത്. തടാകത്തിലെ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ ഇത് മംഗൻ, ഗാംഗ്‌ടോക്ക്, പാക്യോങ്, നാംചി ജില്ലകളിൽ ഗുരുതരമായ നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചു.

സിക്കിമിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സൗത്ത് ലൊനാക് തടാകം, ഇത്തരം അപകട സാധ്യതയുള്ള 14 തടാകങ്ങളിൽ ഒന്നാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,200 മീറ്റർ (17,100 അടി) ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ലൊനാക് ഹിമാനിയുടെ ഉരുകൽ മൂലമാണ് ഇത് രൂപപ്പെട്ടത്. അനുബന്ധ ഹിമാനികൾ ഉരുകുന്നത് കാരണം തടാകത്തിന്റെ വലിപ്പം അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഹിമാനിയാൽ രൂപപ്പെട്ട തടാകങ്ങൾ ഉരുകുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ സംഭവിക്കുന്നത് അമിതമായ ജലശേഖരണം മൂലമോ ഭൂകമ്പങ്ങൾ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലമോ ആണ്. ഇത് വിനാശകരമായ മിന്നൽ പ്രളയത്തിനാണ് കാരണമാകുന്നത്. സെപ്റ്റംബർ 28ന് തടാകത്തിന്റെ വിസ്‌തൃതി 167.4 ഹെക്‌ടറിൽ നിന്ന് ഒക്ടോബർ 4ന് 60.3 ഹെക്‌ടറായി ഗണ്യമായി കുറഞ്ഞുവെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

latest news sikkim
Advertisment