/sathyam/media/media_files/jQj4C4qop2W97lFnPGxJ.webp)
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം 24 മണിക്കൂർ പിന്നിട്ടു. ഭാഗികമായി തകർന്ന തുരങ്കത്തിൽ 36 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികൾ സുരക്ഷിതരെന്ന് രക്ഷദൗത്യസംഘം അറിയിച്ചു.
ഉത്തരകാശിയിൽ നിർമാണം നടക്കുന്ന ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാനുള്ള തുരങ്കത്തിന്റെ ഒരുഭാഗമാണ് ഇന്നലെ രാവിലെ ഇടിഞ്ഞുവീണത്. ആ സമയം തുരങ്കത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് കുടങ്ങിയത്. രക്ഷാദൗത്യസംഘം തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. മറ്റൊരു ഭാഗത്ത് കൂടി തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് 160 അംഗ എൻഡിആർഎഫ് സംഘം നടക്കുന്നത്. നിലവിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സ്ഥലത്ത് എത്തി രക്ഷപ്രവർത്തനം വിലയിരുത്തി.
യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. പൈപ്പിലൂടെ ടണലിനുള്ളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ തുടക്കത്തിൽനിന്ന് 200 മീറ്റർ ഉള്ളിലാണ് അപകടം. ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള ചാർ ധാം യാത്ര എളുപ്പമാക്കാനാണ് തുരകം നിർമിക്കുന്നത്.