ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാര-ബര്‍കോട്ട് തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുന്നു. വലിയ പൈപ്പുകള്‍ ഉപയോഗിച്ച് തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ തുരങ്കത്തിനുള്ളില്‍ 900 എംഎം പൈപ്പുകള്‍ സ്ഥാപിച്ച് രക്ഷാപാത രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ തന്നെ പൈപ്പുകളും ഡ്രില്ലിംഗിനു വേണ്ടി ഉപയോഗിക്കുന്ന ഓഗൂര്‍ മെഷീനും അപകട സ്ഥലത്ത് എത്തി. മൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈപ്പുകള്‍ അപകട സ്ഥലത്തിനുള്ളിലേക്ക് കയറ്റുന്നതിന് ഓഗൂര്‍ യന്ത്രമുപയോഗിച്ച് തുരങ്കം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. 900 എംഎം വീതിയുള്ള പൈപ്പുകള്‍ അത്തരത്തില്‍ സ്ഥാപിക്കപ്പെടുന്നതോടെ തൊഴിലാളികള്‍ക്ക് അതുവഴി പുറത്തെത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ.ലക്ഷ്യം.
രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളും ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച രാത്രിതന്നെ എത്തിയിരുന്നു. കൂടിക്കിടക്കുന്ന 60 മീറ്റര്‍ അവശിഷ്ടങ്ങളില്‍ 20 മീറ്ററിലധികം വൃത്തിയാക്കിയതായി ഉത്തരകാശി സീനിയര്‍ പോലീസ് ഓഫീസര്‍ അര്‍പണ്‍ യദുവന്‍ഷി വ്യക്തമാക്കി. ''ചൊവ്വാഴ്ച വൈകുന്നേരത്തോടെ അകത്ത് കുടുങ്ങിക്കിടക്കുന്ന 40 പേരെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനായി ഒരു യന്ത്രത്തിന്റെ സഹായവും രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുണ്ട്. കോണ്‍ക്രീറ്റ്, ചെളി, മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയുടെ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിനായി രണ്ട് ആര്‍ഒസി മെഷീനുകളും എക്സ്‌കവേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. തുരങ്കത്തിനുള്ളിലെ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉത്തരകാശി പോലീസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. തുറക്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ അപകട സ്ഥലത്തെത്തിയിരുന്നു.
ചൊവ്വാഴ്ച തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ റേഡിയോ വഴി സംസാരിച്ചതായി സംസ്ഥാന ദുരന്ത പ്രതികരണ സേന അറിയിച്ചു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ക്ക് അഞ്ച് മുതല്‍ ആറ് ദിവസം വരെ അതിജീവിക്കാന്‍ ആവശ്യമായ ഓക്സിജന്‍ ടണലിനുള്ളിലുണ്ടെന്ന് മുതിര്‍ന്ന ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ രഞ്ജിത് കുമാര്‍ സിന്‍ഹ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ച രാവിലെ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിന്റെ ആകെ നീളം 4.5 കിലോമീറ്ററാണ്, സില്‍ക്യാരയുടെ അറ്റത്ത് നിന്ന് 2,340 മീറ്ററും ദണ്ഡല്‍ഗാവിന്റെ ഭാഗത്ത് നിന്ന് 1,750 മീറ്ററുമാണ് നിലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ ഇരുവശങ്ങള്‍ക്കുമിടയിലുള്ള 441 മീറ്ററാണ് ഇനി നിര്‍മിക്കാനുള്ളത്. സില്‍ക്യാരയുടെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തുടക്കം തകര്‍ന്നുവീണിരിക്കുന്നത്