മോസ്കോ: റഷ്യയിൽ വാഗ്നർ പോരാളികൾ നടത്തിയ നീക്കം പ്രസിഡന്റ് വ്ലാദിമിർ പുടിനെ അട്ടിമറിക്കാനല്ലെന്ന് വ്യക്തമാക്കി വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ.
ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കണമെന്ന ഉദ്ദേശ്യമോ ഭരണകൂടത്തെ താഴെയിറക്കണമെന്ന ലക്ഷ്യമോ വാഗ്നർ കൂലിപ്പട്ടാളത്തിന് ഇല്ലായിരുന്നുവെന്ന് പ്രിഗോഷിൻ ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
റഷ്യൻ ഭരണകൂടം യുക്രെയ്നിൽ പ്രയോഗിക്കുന്ന കാര്യക്ഷമമല്ലാത്ത യുദ്ധതന്ത്രങ്ങൾ എടുത്തുകാട്ടാനാണ് മോസ്കോയിലേക്ക് വാഗ്നർ ഗ്രൂപ്പ് മാർച്ച് നടത്തിയതെന്ന് പ്രിഗോഷിൻ പറഞ്ഞു.
ഒരു തുള്ളി രക്തം പോലും ചിന്താതെ റോസ്തോവ് ഓൺ ഡോൺ നഗരം കീഴടക്കിയതും മോസ്കോ നഗരത്തിന് 200 കിലോമീറ്റർ അടുത്ത് വരെ എത്തിയതും വാഗ്നർ പോരാളികളുടെ കാര്യക്ഷമതയുടെ തെളിവാണ്. തങ്ങൾ റഷ്യൻ പട്ടാളത്തിന് ഒരു മാസ്റ്റർ ക്ലാസ് നൽകുകയായിരുന്നു. ഈ രീതിയിലായിരുന്നു യുക്രെയ്നിൽ പോരാട്ടം നടത്തേണ്ടിയിരുന്നത്.
തങ്ങളുടെ 1,000 പോരാളികളെ റഷ്യൻ സൈന്യം മിസൈൽ വർഷത്തിലൂടെ വധിച്ചു; ഇതാണ് മോസ്കോയിലേക്ക് മാർച്ച് നടത്താൻ തങ്ങളെ ഉടനടി പ്രേരിപ്പിച്ചത്. മോസ്കോയ്ക്ക് മുമ്പിൽ നിലയുറപ്പിച്ച റഷ്യൻ സൈനികരെ കൊല്ലേണ്ടിവരുമെന്ന് ഘട്ടം എത്തിയപ്പോഴാണ് വാഗ്നർ ഗ്രൂപ്പ് പിന്മാറിയതെന്നും പ്രിഗോഷിൻ അറിയിച്ചു.
ഹെലികോപ്റ്ററിൽ നിന്ന് തങ്ങൾക്ക് നേരെ ആക്രമണം നടത്തിയ ചില റഷ്യൻ സൈനികരെ വധിച്ചതിൽ ദുഃഖമുണ്ടെന്നും വാഗ്നർ പോരാളികളെ കരാറിൽ ഒപ്പുവയ്പ്പിച്ച് സൈന്യത്തിൽ ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രിഗോഷിൻ കൂട്ടിച്ചേർത്തു.