നയ്റോബി: എത്യോപ്യയിൽ 700 പേർ പട്ടിണിമൂലം മരിച്ചതായി റിപ്പോർട്ട്. നോർത്തേൺ ടിഗ്രേ പ്രവിശ്യയിലാണ് ഏതാനും ആഴ്ചകൾക്കിടെ പട്ടിണിനൂറുകണക്കിനാളുകൾ മരിച്ചുവീണത്.
അമേരിക്കയും യുഎന്നും ഭക്ഷ്യസഹായം നിർത്തിയതുമൂലമാണിത്. പട്ടിണിപ്പാവങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുകടത്തി വില്പന നടത്തുന്നതിനെത്തുടർന്നാണു ഭക്ഷ്യസഹായം നിർത്തിയത്.
മാർച്ചിലാണ് യുഎന്നും യുഎസും ആദ്യം ടിഗ്രേയിലേക്കുള്ള ഭക്ഷ്യസഹായം നിർത്തിയത്. തുടർന്ന് ജൂണിൽ എത്യോപ്യ മുഴുവൻ ഭക്ഷ്യസഹായം നിർത്തി. രണ്ടു കോടി ആളുകളെ അതു ബാധിച്ചു. മാർച്ചിനുശേഷം ടിഗ്രേയിലെ ഏഴു സോണുകളിൽ 728 പേർ പട്ടിണികിടന്നു മരിച്ചുവെന്ന് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് കമ്മീഷൻ അറിയിച്ചു.
മരിച്ചവരിലേറെയും കുട്ടികളും വയോധികരുമാണ്. 134,000 പേർക്കായി അയച്ച ഭക്ഷ്യവസ്തുക്കൾ ഷിറെ പട്ടണത്തിലെ പ്രാദേശിക മാർക്കറ്റിൽ വില്പനയ്ക്കു വച്ചിരിക്കുന്നതായി യുഎസ് അധികൃതർ കണ്ടെത്തിയിരുന്നു.
ടിഗ്രേയിൽ പോഷകാഹാരക്കുറവുമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഒരു വർഷത്തിനിടെ 196 ശതമാനം ഉയർന്നു. യുദ്ധംമൂലം ടിഗ്രേയിലെ 60 ലക്ഷം ജനങ്ങളിൽ 54 ലക്ഷവും പട്ടിണിയിലാണ്.