ജിദ്ദ: ബലിപെരുന്നാൾ ദിവസമായ ബുധനാഴ്ച ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിന് മുന്നിൽ സായുധ ഏറ്റുമുട്ടൽ. സായുധനായ അക്രമി ഉൾപ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച്ച വൈകീട്ട് 6 :45 നാണ് സംഭവമെന്ന് സൗദി വാർത്താ ഏജൻസി അറിയിച്ചു.
കോൺസുലേറ്റ് കെട്ടിടത്തിന് മുന്നിൽ വെച്ച് സുരക്ഷാ സേന തടഞ്ഞു നിർത്തിയ ഒരു വാഹനത്തിലുണ്ടായിരുന്ന ഒരാൾ ആയുധ ധാരിയായിരുന്നുവെന്നും അയാൾ വെടി ഉതിർക്കുകയും സുരക്ഷാ ഭടന്മാരുടെ സന്ദർഭോചിതമായ പ്രതികരണത്തിൽ അക്രമി കൊല്ലപ്പെടുകയുമായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ ഒരു സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. സുരക്ഷാ ജീവനക്കാരനെ നേപ്പാളി പൗരൻ ആണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരു അമേരിക്കൻ പൗരന് കൂടി പരിക്കേറ്റിട്ടുണ്ട്.
ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് മുമ്പ് രണ്ടു തവണ സായുധ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2004 ലും 2016 ലും. ജിദ്ദയിൽ നിന്ന് ഏതാണ്ട് എൺപത് കിലോമീറ്റർ അകലെ നടക്കുന്ന വിശുദ്ധ ഹജ്ജ് വേളയിലായി ഇത്തവണത്തെ ആക്രമണം. പതിനെട്ട് ലക്ഷത്തിലേറെ പേരാണ് ഹജ്ജിൽ പങ്കെടുക്കുന്ന വിദേശി തീർത്ഥാടകർ.