വിവാദങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച് ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ ക്വാമോ; ഓഫീസ് ജീവനക്കാരായ 11 സ്ത്രീകൾ ലൈംഗീകാരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ രാജി

New Update

publive-image

വാഷിങ്ടൺ: വിവാദങ്ങൾക്കൊടുവിൽ രാജി പ്രഖ്യാപിച്ച് ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ ക്വാമോ. തന്റെ ഓഫീസ് ജീവനക്കാരായ 11 സ്ത്രീകൾ ലൈംഗീകാരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ രാജി. ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് സംഭവത്തിൽ അന്വേഷണ സമിതി സമർപ്പിച്ചിരുന്നത്.

Advertisment

അതിനാൽ ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആൻഡ്ര്യൂ ക്വാമോയുടെ രാജി പ്രഖ്യാപനം. അറ്റോർണി ജനറൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഗവർണറുടെ സെക്രട്ടറി മെലിസ്സ ഡി റോസയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് എട്ടിനായിരുന്നു മെലിസ്സയുടെ രാജി.

ഗവർണറുടെ കുറ്റകരമായ നടപടികൾ മറച്ചുവെക്കാൻ സഹായിച്ചുവെന്ന ആരോപണം മെലിസ്സക്കെതിരെയും ഉയർന്നിരുന്നു. ക്വാമോയുടെ ഓഫീസിൽ മുമ്പ് ജോലി ചെയ്തിരുന്നവരും ഇപ്പോഴുള്ളവരും പൊതുപരിപാടികളിൽ കണ്ടുമുട്ടിയവരും ഉൾപ്പെടെ നിരവധി സ്ത്രീകളാണ് പരാതികളുമായി രംഗത്തെത്തിയത്.

നൂറിലേറെ വനിതകളുടെ മൊഴി അന്വേഷണ സമിതി രേഖപ്പെടുത്തി. തുടർന്ന് അഞ്ച് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ക്വാമോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ തെറ്റുചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ക്വാമോ. ഡെമോക്രാറ്റിക് നേതാവും 63 കാരനുമായ ക്വാമോ കൊവിഡ് നിയന്ത്രണ നടപടികളിലൂടെ ലോകശ്രദ്ധയാകർഷിച്ച ഭരണാധികാരിയാണ്.

NEWS
Advertisment