Advertisment

കൊവിഡിന് പിന്നാലെ യുഎസിനെ ഭീതിയിലാഴ്ത്തി 'സാല്‍മൊണെല്ല'! വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചത് അറുനൂറിലേറെ പേര്‍ക്ക്! ഇവിടെ വില്ലന്‍ ഉള്ളി

New Update

publive-image

Advertisment

വാഷിങ്ടണ്‍: കൊവിഡിന് പിന്നാലെ സാല്‍മൊണെല്ല രോഗഭീതിയില്‍ യുഎസ്. 37 സംസ്ഥാനങ്ങളില്‍ നിന്നായി 650-ലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉള്ളിയില്‍ നിന്നാണ് ഇത് പകരുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റിക്കറോ പാക്കേജിംഗോ ഇല്ലാത്ത ചുവന്ന, വെള്ള, മഞ്ഞ ഉള്ളികള്‍ ഉപയോഗിക്കരുതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി.

മെക്‌സിക്കോയിലെ ചിഹുവാഹുവയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണ് രോഗ ഉറവിടം കണ്ടെത്തിയത്. പ്രോസോഴ്‌സ് ഇന്‍കോര്‍പ്പറേഷന്‍ വഴി ഇത് യുഎസില്‍ ഉടനീളം വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ അധികൃതര്‍ പറയുന്നു.

രോഗം ബാധിച്ച 75 ശതമാനത്തിലധികം പേരും ഉള്ളി നേരിട്ടോ, ഉള്ളി അടങ്ങിയ വിഭവങ്ങളോ രോഗം ബാധിക്കുന്നതിന് മുമ്പ് കഴിച്ചിരുന്നതായി സിഡിസി വ്യക്തമാക്കി. 129-ഓളം പേരെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിഡിസി വ്യക്തമാക്കി.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ടെക്‌സസ്, ഒക്ലഹോമ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം സ്ഥിരീകരിച്ചത്.

എന്താണ് സാല്‍മൊണെല്ല അണുബാധ?

സാധാരണയായി ഗ്യാസ്‌ട്രോണോമിക്കല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയ (സാല്‍മൊണെല്ല ഗ്രൂപ്പ്) ഉണ്ടാക്കുന്ന ഒരു ബാക്ടീരിയ രോഗമാണ് സാല്‍മൊണെലോസിസ് (സാല്‍മൊണെല്ല അണുബാധ). ചില സന്ദര്‍ഭങ്ങളില്‍, ഇത് ടൈഫോയിഡോ, പാരടൈഫോയിഡ് പനിയോ ഉണ്ടാക്കാമെന്ന് സിഡിസി പറയുന്നു.

വയറിളക്കം, പനി, വയറുവേദന എന്നിവയാണ് സാല്‍മൊണെല്ലയുടെ ലക്ഷണങ്ങള്‍. ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.

ചിലപ്പോള്‍ മൂത്രം, രക്തം, എല്ലുകള്‍, നാഡിവ്യൂഹം എന്നിവയില്‍ അണുബാധയുണ്ടാകാം. ഇത് ഗുരുതരമായ സാഹചര്യങ്ങളിലെത്തിക്കും. രോഗവ്യാപനത്തെ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) തീരുമാനം.

Advertisment