/sathyam/media/post_attachments/likXyoV4cGTvj9jGAIIW.jpg)
ന്യൂയോര്‍ക്ക്: ഹാലോവീന്‍ മിഠായിയില്‍ നിന്ന് സൂചി കിട്ടിയെന്ന് കള്ളം പറഞ്ഞ കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ന്യൂയോര്‍ക്ക് സ്വദേശിയായ പതിനാലുകാരനാണ് കള്ളം പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായത്. ഹാലോവീന്‍ കാന്‍ഡി കഴിക്കുന്നതിനിടെ തനിക്ക് കാന്‍ഡിയില്‍ നിന്ന് തയ്യല്‍ സൂചി ലഭിച്ചുവെന്നായിരുന്നു കുട്ടി മാതാപിതാക്കളെ അറിയിച്ചത്.
ഷെര്‍വുഡ് പാര്‍ക്ക് പരിസരത്ത് ട്രിക്ക്-ഓര്‍-ട്രീറ്റ് ചെയ്യുന്നതിനിടെ ലഭിച്ച ഹാലോവീന്‍ കാന്‍ഡി കടിച്ചപ്പോഴാണ് വായില്‍ സൂചി തടഞ്ഞതെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പരിഭ്രാന്തരായ കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. കുട്ടികള്‍ക്ക് ലഭിക്കുന്ന കാന്‍ഡി ഒട്ടും സുരക്ഷിതമല്ലെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പരാതി ലഭിച്ച പോലീസ് നടപടി സ്വീകരിക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി. പിന്നീട് മറ്റുള്ളവരില്‍ അവബോധമുണ്ടാക്കുന്നതിനായി 'നിങ്ങളുടെ മിഠായി പരിശോധിക്കുക' എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോലീസ് ഇന്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുട്ടി നുണ പറഞ്ഞതാണെന്ന് ബോധ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ വെറുതെ പറഞ്ഞതാണെന്ന് പതിനാലുകാരന്‍ വെളിപ്പെടുത്തിയത്.
ടിക് ടോക്കില്‍ നിന്നാണ് കുട്ടിക്ക് ഈ ആശയം ലഭിച്ചത്. എല്ലാവരെയും വെറുതെയൊന്ന് പറ്റിക്കാമെന്നും ഇത് രസകരമായിരിക്കുമെന്നുമാണ് പതിനാലുകാരന്‍ കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. നുണ പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിച്ച കൗമാരക്കാരനെ അറസ്റ്റ് ചെയ്തതിനു ശേഷം പ്രൊബേഷനില്‍ വിട്ടയച്ചതായി ഈസ്റ്റ് ഗ്രീന്‍ബുഷ് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us