മനില: പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ജീവനുള്ള മുതലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു. ഫിലിപ്പീന്‍സിലെ അമയ വ്യൂ അമ്യൂസ്‌മെന്റ് പാര്‍ക്കിനുള്ളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. നെഹെമിയാസ് ചിപാഡയാള്‍ പാര്‍ക്കിനുള്ളിലെ ചെറിയ കുളത്തിനടുത്ത് നിന്ന് സെല്‍ഫിയെടുക്കുകയായിരുന്നു.
കുളത്തിനകത്തുള്ള മുതല ഒരു പ്രതിമയാണെന്നാണ് ഈ 68-കാരന്‍ കരുതിയത്. സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി അദ്ദേഹത്തെ മുതല ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇടതുകൈക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മുതല ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ചിപാഡയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
മുതലയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ഒരു കയ്യില്‍ മൊബൈലുമായാണ് ചിപാഡ കുളത്തിലേക്ക് ഇറങ്ങിയത്. ഇതിനു പിന്നാലെ മുതല ചിപാഡയുടെ ഇടതുകൈയില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറാനുള്ള ശ്രമം വിജയിച്ചതോടെയാണ് ചിപാഡയ്ക്ക് രക്ഷപ്പെടാനായത്. കൈക്ക് സാരമായ പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ല.
ചിപാഡയുടെ കുടുംബാംഗങ്ങളും മറ്റ് വിനോദസഞ്ചാരികളും ഈ സമയം പരിസരത്തുണ്ടായിരുന്നു. സംഭവം കണ്ടുനിന്ന റോജെലിയോ പമീസ ആന്റിഗ എന്നയാളാണ് ദൃശ്യം പകര്‍ത്തിയത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.