ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ താന്‍ ഭാഗ്യവതിയാണെന്ന പ്രതികരണവുമായി ഭീമന്‍ മുതലയുടെ ആക്രമണത്തിനിരയായ കൗമാരക്കാരി. ബ്രിട്ടീഷുകാരിയായ അമേലി ഓസ്ബോണ്‍ സ്മിത്ത് എന്ന പതിനെട്ടുകാരിയാണ് മുതലയുടെ ആക്രമണത്തിനിരയായത്. സാംബിയയിലെ സാംബെസി നദിയില്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് നടത്തുകയായിരുന്ന അമേലിയെ പത്തടിയോളം ഉയരമുള്ള ഭീമന്‍ മുതല വെള്ളത്തിനടിയിലേക്ക് കാലില്‍ കടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു.
മുതല അമേലിയെ വെള്ളത്തിനടിയിലേക്ക് കടിച്ചുകൊണ്ടുപോയതോടെ ബോട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ വെള്ളത്തിലേക്ക് ചാടുകയും മുതലയുടെ പിടിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അസാധാരണ ആത്മധൈര്യവും സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥതയും പരിശ്രമവുമാണ് അമേലിയുടെ ജീവന്‍ രക്ഷിച്ചത്.
മകളുടെ ആത്മധൈര്യം കൊണ്ടുമാത്രമാണ് അവള്‍ ഭയപ്പെടാതെ പിടിച്ചു നിന്നതെന്ന് അമേലിയുടെ പിതാവ് ബ്രെന്റ് ഓസ്‌ബോണ്‍-സ്മിത്ത് പറഞ്ഞു. കീഴടങ്ങാന്‍ തയ്യാറാകാതെ അമേലി വളരെ ധൈര്യത്തോടെ തിരിച്ചടിച്ചുവെന്നും അതുപോലെതന്നെ തന്നെ ആലോചിക്കാന്‍ പോലും സമയം നല്‍കാതെ കപ്പലിലുണ്ടായിരുന്ന എല്ലാവരും പെട്ടന്ന് പ്രവര്‍ത്തിച്ചതും മകളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ അമേലിക്ക് നിരവധി പരിക്കുകള്‍ പറ്റിയെങ്കിലും ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. അവളുടെ വലതു കാലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ഇടുപ്പിന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അമേലിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമേലി ചികിത്സയില്‍ കഴിയുന്ന സാംബിയയിലെ മെഡ്ലാന്‍ഡ് ഹോസ്പിറ്റല്‍ പുറത്തുവിട്ട വീഡിയോയില്‍ അവള്‍ ഡോക്ടര്‍ മുഹമ്മദ് എല്‍ സാഹിലിയോട് സംസാരിക്കുന്നത് കാണാം.
മരണത്തെ മുന്നില്‍ കാണുന്ന നിമിഷം നിങ്ങളുടെ കണ്‍മുന്നിലൂടെ ജീവിതം മിന്നിമറയുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്, എന്നാല്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷത്തില്‍ താന്‍ ചിന്തിച്ചത് എങ്ങനെ രക്ഷപ്പെടാം എന്ന് മാത്രമാണെന്ന് അമേലി പറഞ്ഞു. രക്ഷപ്പെട്ടപ്പോഴും മുതല കടിച്ചുവലിച്ച കാല്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റേണ്ടി വരും എന്നു തന്നെ താനുറപ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശ്രമത്തിലൂടെ അതിനെ മറികടക്കാന്‍ കഴിഞ്ഞുവെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ തീര്‍ച്ചയായും താന്‍ ഭാഗ്യവതിയാണെന്നും അമേലി പറഞ്ഞു.