കാലിഫോര്‍ണിയയിലെ ടെസ്‌ല ഫാക്ടറിയില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു; ഷിഫ്റ്റ്‌ കഴിഞ്ഞിറങ്ങിയ യുവതിയെ പ്രതി കൊലപ്പെടുത്തിയതിന്‌ ​പിന്നിലെ കാരണം അജ്ഞാതമെന്ന് പോലീസ്

New Update

publive-image

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ടെസ്‌ല ഫാക്ടറിയില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ വെടിവെച്ചു കൊന്നു. 29 കാരനായ ആന്റണി സോളിമയാണ് കൂടെ ജോലി ചെയ്യുന്ന യുവതിയെ വെടിവെച്ചു കൊന്നത്. തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവതിയെ ആന്റണി പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Advertisment

അതേസമയം ആന്റണിയും യുവതിയും തമ്മില്‍ നേരത്തേ കമ്പനിയുടെ പ്രൊഡക്ഷന്‍ പ്ലാന്റില്‍ വെച്ച് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്ന് സഹ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. അതിനു ശേഷം വൈകുന്നേരം 3.30നാണ് യുവതിയെ പാര്‍ക്കിംഗ് ലോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് അന്വേഷകര്‍ നിരവധി റൈഫിള്‍ കേസിംഗുകള്‍ പോലീസ് കണ്ടെടുത്തു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടി. സമീപത്തെ മില്‍പിറ്റാസില്‍ സോളിമയുടെ കാര്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തിയതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി സ്വമേധയാ കീഴടങ്ങി. ഇയാളുടെ കാറില്‍ നിന്ന് ഒരു ഷോര്‍ട്ട് ബാരല്‍ റൈഫിളും റൈഫിള്‍ കേസിംഗുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട യുവതിയുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയും ആന്റണിയും തമ്മില്‍ വാക്കേറ്റമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. നരഹത്യയ്ക്ക് കേസെടുത്ത് ആന്റണി സോളിമയെ അറസ്റ്റ് ചെയ്ത് സാന്താ റീത്ത ജയിലില്‍ അടച്ചു.

Advertisment