അക്രമിക്ക് നേരെ പോലീസ് വെച്ചപ്പോള്‍ വെടിയുണ്ട ഭിത്തി തുളച്ച് കടന്ന് പതിനാലുകാരിയുടെ ജീവനെടുത്ത സംഭവത്തില്‍ നീതി വേണമെന്ന് ആവശ്യവുമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
ബര്‍ലിംഗ്ടണ്‍ സ്റ്റോറില്‍ വാലന്റീന ഒറെല്ലാന-പെരാള്‍ട്ട എന്ന പതിനാലുകാരി വെടിയേറ്റ് മരിച്ചതിന് ഒരു ദിവസത്തിന് ശേഷം, ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡൗണ്‍ടൗണ്‍ എല്‍എ ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മാതാപിതാക്കള്‍ തങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടത്.
അവള്‍ ഞങ്ങള്‍ക്ക് എല്ലാമായിരുന്നു. ക്രിസ്മസിന് പുത്തനുടുപ്പ് വാങ്ങാനാണ് അവള്‍ അമ്മയ്‌ക്കൊപ്പം കടയിലെത്തിയത്. ആ ഡ്രസ്സ് ധരിച്ചു നോക്കാനാണ് ഡ്രസ്സിംഗ് റൂമില്‍ കയറിയത്. എന്നാല്‍ അത് എല്ലാത്തിന്റേയും അവസാനമായിരുന്നു. ഇനിയവള്‍ക്കൊരിക്കലും ആ ഡ്രസ്സ് ധരിക്കാനാകില്ല.
പുറത്ത് വെടിയൊച്ച മുഴങ്ങിയപ്പോള്‍ ഭയന്നു പോയ അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു. ആര്‍ക്കും ഒന്നും വരുത്തരുതേയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പോലീസിന്റെ വെടിയേറ്റ് അവള്‍ പിടഞ്ഞുവീഴുന്നത്. മാതാപിതാക്കള്‍ കണ്ണീരോടെ പറഞ്ഞു.
'ഞങ്ങളുടെ മാലാഖ വാലന്റീനയ്ക്ക് നീതി വേണം. ഞങ്ങളുടെ മകളുടെ ജീവിതം പ്രധാനമാണെന്ന് അവര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് നീതി വേണം. മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ ചിലിയില്‍ നിന്ന് ആറ് മാസം മുമ്പ് മാത്രമാണ് രാജ്യത്ത് എത്തിയതെന്നും ഒരു എഞ്ചിനീയര്‍ ആകാനും യുഎസ് പൗരനാകാനും അവള്‍ സ്വപ്നം കണ്ടിരുന്നതായും പെണ്‍കുട്ടിയയുടെ പിതാവ് പറഞ്ഞു.
അതേസമയം ആയുധധാരിയായ അക്രമിക്ക് നേരെ വെടിയുതിര്‍ക്കുന്നതിനിടെ നിരപരാധിയായ ഒരാളുടെ ജീവനെടുക്കാന്‍ ഇടയായതില്‍ ലോസ് ആഞ്ചലസ് പോലീസ് ഖേദം പ്രകടിപ്പിച്ചു. ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനവും അഗാധമായ ഖേദവും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ദാരുണമായ സംഭവത്തില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ദുഃഖത്തിന്റെ ആഴം വിവരിക്കാന്‍ വാക്കുകളില്ല. എന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഡിസംബര്‍ 23 നാണ് അക്രമിക്ക് നേരെ പോലീസ് വെച്ച വെടിയുണ്ട ഭിത്തി തുളച്ച് കടന്ന് പതിനാലുകാരിയുടെ ജീവനെടുത്തത്. ലോസ് ആഞ്ചലസിലെ നോര്‍ത്ത് ഹോളിവുഡ് സ്റ്റോറില്‍ അക്രമം നടത്തിയ പ്രതിക്ക് നേരെയാണ് പോലീസ് വെടിവെച്ചത്.
എന്നാല്‍ വെടിയേല്‍ക്കാതെ പ്രതി രക്ഷപ്പെട്ടു. ഈ വെടിയുണ്ട ഭിത്തി തുളച്ച് കടന്ന് മറുവശത്ത് ഷോപ്പിന്റെ ഡ്രസ്സിംഗ് റൂമിലായിരുന്ന കുട്ടിയുടെ ദേഹത്ത് തറയ്ക്കുകയായിരുന്നു. വെടിയേറ്റ പതിനാലുകാരി തല്‍ക്ഷണം കൊല്ലപ്പെട്ടു.