വാക്സിനേഷന്‍ കാര്‍ഡില്ലാതെ റസ്‌റ്റോറന്റില്‍ പ്രവേശിച്ചു; അമ്മയേയും കുഞ്ഞിനേയും ഭീഷണിപ്പെടുത്തി പുറത്തിറക്കി ന്യൂയോര്‍ക്ക് പോലീസ്

author-image
nidheesh kumar
New Update

publive-image

Advertisment

വാക്സിനേഷന്‍ കാര്‍ഡില്ലാതെ ക്വീന്‍സ് ആപ്പിള്‍ബീസ് റസ്‌റ്റോറന്റില്‍ പ്രവേശിച്ച അമ്മയേയും കുഞ്ഞിനേയും ഭീഷണിപ്പെടുത്തി പുറത്തിറക്കി പോലീസ്. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ന്യൂയോര്‍ക്ക് പോലീസിന്റെ ഭീഷണിപ്പെടുത്തലുള്ളത്. വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഡിസംബര്‍ 15 ന് ക്വീന്‍സ് സെന്റര്‍ മാളില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. അമ്മയും കുഞ്ഞും ഇരിക്കുന്ന ടേബിളിനരികിലെത്തിയ പോലീസ് ഇവരെ എഴുന്നേല്‍പ്പിക്കുകയും ബലമായി പുറത്തിറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പോലീസ് ശബ്ദമുയര്‍ത്തിയതോടെ ഭയന്നുപോയ കുഞ്ഞ് ഉറക്കെ കരയുകയും മുഖം പൊത്തി നില്‍ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

വാക്‌സിനേഷന്‍ കാര്‍ഡില്ലാതെ റസ്‌റ്റോറന്റില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ പ്രതിഷേധവുമായി ഒരു വിഭാഗമാളുകള്‍ റസ്റ്റോറന്‍രില്‍ തടിച്ചുകൂടുകയായിരുന്നു. ഇതിനിടെയാണ് പോലീസിന്റെ ഭയപ്പെടുത്തല്‍. ഇതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഒരു കൊച്ചുകുട്ടിയെ ഇത്രയ്ക്ക് ഭയപ്പെടുത്തുന്നതാണോ ന്യൂയോര്‍ക്ക് പോലീസിന്റെ മാന്യത എന്ന് പ്രതിഷേധക്കാരിലൊരാള്‍ ചോദിച്ചു.

ഇതോടെ ഒരു പോലീസ് ഓഫീസര്‍ നിങ്ങള്‍ സ്വമേധയാ പുറത്തുപോകുകയാണെങ്കില്‍, നിങ്ങള്‍ക്കെതിരെ കുറ്റം ചുമത്തില്ല. അല്ലാത്തപക്ഷം, അതിക്രമത്തിന് നിങ്ങളെ അറസ്റ്റ് ചെയ്യും. ഇത് നിങ്ങള്‍ക്കുള്ള രേയൊരു മുന്നറിയിപ്പ് ആയിരിക്കും എന്ന് പറഞ്ഞു. എന്നാല്‍ വാക്സിനേഷന്‍ കാര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ സേവനം നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.

അതേസമയം വാക്‌സിനേഷന്‍ കാര്‍ഡ് ഇല്ലാതെ ആളുകള്‍ റസ്റ്റോറന്റില്‍ പ്രവേശിക്കുകയാണെന്നും അവരെ പുറത്തിറക്കി തരണമെന്നും ആവശ്യപ്പെട്ട് റസ്റ്റോറന്റ് മാനേജര്‍ വിളിച്ചിരുന്നുവെന്നും അതനുസരിച്ചാണ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പുറത്തിറക്കിയതെന്നും പോലീസ് പ്രതികരിച്ചു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായും ക്രിമിനല്‍ അതിക്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനുമെതിരെ കേസെടുത്തിട്ടില്ല.

Advertisment