അബദ്ധത്തില്‍ സ്വയം വെടിയുതിര്‍ത്ത മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. നോര്‍ത്ത് കരോലിനയിലെ മുന്‍ ഹെന്‍ഡേഴ്സണ്‍ കൗണ്ടി ഷെരീഫ് ക്യാപ്റ്റന്‍ ടിം ഗോര്‍ഡന്റെ മകള്‍ എയ്‌ലി ഗോര്‍ഡന്‍ എന്ന മൂന്നു വയസ്സുകാരിയാണ് അബദ്ധത്തില്‍ സ്വയം വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് മരണപ്പെട്ടത്. ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ് അപകടം നടന്നത്.
ഗോര്‍ഡന്റെ വീട്ടിലേക്ക് സന്ദര്‍ശനത്തിനെത്തിയ ഒരു അതിഥിയുടെ കാറില്‍ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. തോക്കെടുത്ത് തിരിച്ചു മറിച്ചും നോക്കിയ കുട്ടിയുടെ കയ്യില്‍ തോക്ക് അബദ്ധവശാല്‍ പൊട്ടുകയായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ നോക്കുമ്പേഴേയ്ക്കും കുട്ടി വെടിയേറ്റ് വീണിരുന്നു. കുട്ടിയുടെ പിതാവ് ടിം ഗോര്‍ഡന്‍ ഉടന്‍ തന്നെ 911ലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
വെടിയേറ്റയുടന്‍ തന്നെ കുട്ടിയെ ആഷ്വില്ലിലെ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന എയ്‌ലി രണ്ട് ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു. അതേസമയം സംഭവത്തില്‍ മറ്റെന്തെങ്കിലും ക്രിമിനല്‍ സാധ്യതകള്‍ നടക്കാനിടയുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
തോക്ക് വയലന്‍സ് ആര്‍ക്കൈവ് പ്രകാരം 2021-ല്‍ 11 വയസ്സിന് താഴെയുള്ള ആയിരത്തിലധികം കുട്ടികളാണ് തോക്കുകള്‍ കൊണ്ടുള്ള അപകടത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തത്.