'അതവനാണെന്ന് എനിക്കുറപ്പാണ്'; പ്രായമായ സ്ത്രീയെ കൊള്ളയടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ് സ്വന്തം അമ്മ !

author-image
nidheesh kumar
New Update

publive-image

Advertisment

പ്രായമായ സ്ത്രീയെ കൊള്ളയടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ് സ്വന്തം അമ്മ. ദൃശ്യങ്ങളില്‍ കാണുന്ന മോഷ്ടാവ് തന്റെ മകനാണെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. ഇതോടെ പോലീസ് പ്രതിയെ പിടികൂടി.

ഡിസംബര്‍ 23-ന് സെന്റ് പോളിലെ വാള്‍ഗ്രീന്‍സില്‍ വച്ച് 81 വയസ്സുള്ള സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പതിനെട്ടുകാരനായ ഇസയ്യ ജമാല്‍ ഫോസ്റ്ററാണ് അറസ്റ്റിലായത്.

ക്രൂരമായ കവര്‍ച്ചയ്ക്കും ആക്രമണത്തിനുമാണ് ഫോസ്റ്ററിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തില്‍, കഴിഞ്ഞ ആഴ്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതി കടയില്‍ പ്രവേശിച്ച് ഇരയുടെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. കൈത്തണ്ടയില്‍ പഴ്‌സ് ചുറ്റിയ വയോധികയെ മോഷ്ടാവ് നടപ്പാതയിലേക്ക് തള്ളിയിടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കണ്ട ശേഷം അത് തന്റെ മകനാണെന്ന് അമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതി ധരിച്ചിരുന്ന കോട്ട് തിരിച്ചറിഞ്ഞതായി അമ്മ പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഫോസ്റ്ററിനെ പിടികൂടിയത്.

അത് തന്റെ മകനാണെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ട് എന്നായിരുന്നു അമ്മയുടെ മൊഴി. ഞാനവനെ അങ്ങനെയല്ല വളര്‍ത്തിയത്, അതിനാല്‍ അവന്‍ ശിക്ഷിക്കപ്പെടണം എന്നും അമ്മ പറഞ്ഞു.

അതേസമയം പതിനെട്ടുകാരന്‍ ആക്രമിച്ച 81 വയസ്സുകാരിക്ക് മസ്തിഷ്‌ക രക്തസ്രാവവും ഇടുപ്പ് ഒടിവും മറ്റ് പരിക്കുകളും ഉണ്ടായതായി പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടെ റോഡിലേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യ സ്ഥിത മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു.

Advertisment