അധികാരത്തിലേറിയതിന്റെ രണ്ടാം ദിനം സൈക്കിളില്‍ ഓഫീസിലെത്തി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ്; സെക്യൂരിറ്റികളില്ലാതെ ചരിത്രത്തിലിടം പിടിച്ച് മേയറിന്റെ സിമ്പിള്‍ യാത്ര

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി അധികാരമേറ്റെടുത്തതിന്റെ രണ്ടാം ദിവസം ഓഫീസിലേക്കുള്ള എറിക് ആഡംസിന്റെ യാത്രയാണ് ഇപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.

തിരക്കേറിയ ഹൈവേയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് വാഹനങ്ങള്‍ വരിവരിയായി കിടക്കുമ്പോള്‍ റോഡിന്റെ ഒരു വശത്തായി ഒരുക്കിയിരിക്കുന്ന ബൈസൈക്കിള്‍ പാതയിലൂടെ തികച്ചും ശാന്തനായി സൈക്കിളോടിച്ച് വരുന്ന എറിക് ആഡംസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് വൈറലായിരിക്കുന്നത്.

ജനുവരി ഒന്നിനാണ് എറിക് ആഡംസ് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി അധികാരമേറ്റെടുത്തത്. തൊട്ടടുത്ത ദിവസം ജനുവരി രണ്ടിന് അദ്ദേഹം ഓഫീസിലെത്തിയത് സൈക്കിളിലാണ്.

ഹെല്‍മറ്റും ടൈയും സ്യൂട്ടും ധരിച്ച് തികച്ചും ഒഫീഷ്യലായിത്തന്നെയാണ് അദ്ദേഹം സൈക്കിളില്‍ ഓഫീസിലേക്കെത്തിയത്. അതേസമയം സെക്യൂരിറ്റി ഓഫീസര്‍മാരുടെ അകമ്പടിയോടു കൂടി മാത്രം സഞ്ചരിക്കുന്ന മുന്‍ മേയര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്ഥനായാണ് എറിക് ആഡംസ് ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

എന്തായാലും ന്യൂയോര്‍ക്കിന്റെ പുതിയ ഗവര്‍ണറുടെ സിമ്പിള്‍ യാത്ര ഇതിനകംതന്നെ ചരിത്ര സംഭവമായി മാറിക്കഴിഞ്ഞു. ഇനി നിങ്ങള്‍ കാണുന്ന മേയര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നയാളും സ്വന്തം വസ്ത്രം കഴുകി വൃത്തിയാക്കുന്നയാളും സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നയാളും ട്രെയിനില്‍ യാത്ര ചെയ്യുന്നയാളും ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എറിക് ആഡംസ് പറഞ്ഞിരുന്നു.

ഇലക്ഷന്‍ പ്രചരണത്തിന് പറയുന്ന കാര്യങ്ങള്‍ പല രാഷ്ട്രീയ നേതാക്കളും പിന്നീട് മറന്നു കളയുമ്പോള്‍ താന്‍ പറഞ്ഞതെല്ലാം അതേപടി പ്രാവര്‍ത്തികമാക്കാനാണ് എറിക് ആഡംസിന്റെ ശ്രമം.

അധികാരത്തിലേറിയ ആദ്യം ദിനം തന്നെ ശ്രദ്ധേയ ഇടപെടലിലൂടെ എറിക് ആഡംസ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സബ് വെ ട്രെയിന്‍ സ്റ്റേഷനില്‍ മൂന്നു പേര്‍ തമ്മില്‍ അടിപിടി കൂടുന്നതു കണ്ട മേയര്‍ അക്കാര്യം 911ല്‍ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യം വന്‍ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.

Advertisment