നാലു വയസുള്ളപ്പോള്‍ മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി; 33 വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മയിലുള്ള സ്വന്തം ഗ്രാമത്തിന്റെ ചിത്രം വരച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് നിമിത്തമായി! യുവാവിന് വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടുകാരെ തിരിച്ചുകിട്ടി-ഹൃദയം കവരുന്ന വീഡിയോ
ബെയ്ജിങ്: 33 വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് സംഭവം. ലി ജിങ്ഒവായ് എന്നയാളെ നാലു വയസുള്ളപ്പോഴാണ് മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്.
33 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഓര്‍മ്മയിലുള്ള ഗ്രാമത്തിന്റെ ചിത്രം വരച്ച് യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് കുടുംബത്തെ തിരിച്ചുകിട്ടാന്‍ സഹായിച്ചത്. താന്‍ വരച്ച ചിത്രം ഡിസംബറില്‍ ഇദ്ദേഹം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഈ സ്ഥലം ഏതാണെന്ന് അറിയാമോ എന്ന് ആരായുകയും ചെയ്തിരുന്നു.
അത് യുനാന്‍ പ്രവിശ്യയിലെ ഗ്രാമത്തിന്റെ പഴയ ചിത്രമാണെന്ന് പൊലീസ് കണ്ടെത്തി. പണ്ട് കുട്ടിയെ നഷ്ടപ്പെട്ട ഗ്രാമത്തിലെ ഒരു സ്ത്രീയുടെ ഡിഎന്‍എയുമായി ലിയുടെ സാമ്പിള്‍ പൊരുത്തപ്പെട്ടതോടെ യുവാവ് വീണ്ടും കുടുംബത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ മകന്റെ തിരിച്ചുവരവ് കാണാന്‍ ലിയുടെ പിതാവ് ഉണ്ടായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മരണപ്പെട്ടിരുന്നു.