ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരിയുടെ മകളായ നാലു വയസുകാരിക്ക് വെടിയേറ്റു; കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് കുടുംബം

author-image
nidheesh kumar
New Update

publive-image

Advertisment

ഹൂസ്റ്റണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡിന്‍റെ സഹോദരിയുടെ നാലു വയസുകാരിയായ മകള്‍ക്ക് ഹൂസ്റ്റണിലെ വീട്ടില്‍ വെച്ച് വെടിയേറ്റു. കുട്ടി സുഖം പ്രാപിച്ചു വരികയാണെന്ന് കുടുംബം. പുതുവല്‍സര ദിനത്തിലാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് വെടിയേറ്റത്. പുലര്‍ച്ചെ മൂന്നു മണിയോടെ അജ്ഞാതന്‍ വീടിനകത്തേക്ക് നിറയൊഴിക്കുകയായിരുന്നു.

2020 മെയ് മാസത്തില്‍ മുന്‍ മിനിയാപൊളിസ് പോലീസ് ഓഫീസര്‍ ഡെറക് ഷോവിന്‍ കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ സഹോദരിയുടെ മകളാണ് നാലു വയസ്സുകാരിയായ അരിയാന ഡെലന്‍. കുട്ടിക്ക് വെടിയേറ്റതായി പോലീസ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വെടിയേറ്റത് ജോര്‍ജ് ഫ്‌ളോയിഡിന്റെ അനന്തരവള്‍ക്കാണ് എന്ന് വ്യക്തമാക്കിയിരുന്നില്ല.

വെടിവെപ്പ് നടക്കുന്ന സമയത്ത് കുട്ടി നല്ല ഉറക്കത്തിലായിരുന്നു. ഈ സമയം മറ്റൊരു കുട്ടിയും നാല് മുതിര്‍ന്നവരും അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായിരുന്നു. വെടിശബ്ദം കേട്ടതിനു പിന്നാലെ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ മകള്‍ അച്ഛാ എനിക്ക് വെടിയേറ്റു എന്ന് നിലവിളിക്കുകയായിരുന്നുവെന്ന് അരിയാന ഡെലന്റെ പിതാവ് ഡെറിക് ഡെലാന്‍ പറഞ്ഞു. അപ്പോഴേയ്ക്കും കുട്ടിയുടെ ശരീരം രക്തത്തില്‍ കുതിര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടും രാവിലെ ഏഴ് മണി വരെ പോലീസ് സംഭവസ്ഥലത്തെത്തിയില്ലെന്ന് ഡെറിക് ഡെലാന്‍ ആരോപിച്ചു. ബുള്ളറ്റ് കുട്ടിയുടെ കരളിലും ശ്വസാകോശത്തിലും തുളച്ചുകയറുകയും വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. അതിഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്നാദ്യമായാണ് സ്വന്തമായി നടക്കുന്നതെന്നും പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഹൂസ്റ്റണ്‍ പോലീസ് മേധാവി ട്രോയ് ഫിന്നര്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായി കുടുംബം ഗോഫണ്ട്മീ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വെടിവെപ്പിനെത്തുടര്‍ന്ന് തങ്ങളുടെ കുടുംബം ഹൂസ്റ്റണില്‍ നിന്ന് മാറിത്താമസിക്കാന്‍ നോക്കുകയാണെന്ന് ഡെറിക് പറഞ്ഞു.

ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തിനു ശേഷം തങ്ങളുടെ കുടുംബം വളരെയധികം ദുരിതങ്ങളിലൂടെ കടന്നുപോയി. ജീവിതത്തെ മാറ്റിമറിക്കുന്ന മറ്റൊരു ദുരന്തത്തിന് കൂടി തങ്ങള്‍ വിധേയരായ ഈ സമയത്ത് പ്രാര്‍ത്ഥനകളോടും പിന്തുണയോടും ഒപ്പം നില്‍ക്കാന്‍ തങ്ങളുടെ കമ്മ്യൂണിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കുടുംബം പറഞ്ഞു.

Advertisment