അമേരിക്കയില്‍ പള്ളിയില്‍ വെച്ച് ഭാര്യയേയും മറ്റൊരാളേയും വെടിവെച്ചു കൊല്ലുകയും ബന്ധുവായ യുവതിയെ വെടിവെച്ചു വീഴ്ത്തുകയും ചെയ്യ കേസ്; സ്വബോധത്തോടെ ചെയ്തതല്ലെന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പ്രതി; ശിക്ഷ ഒഴിവാക്കാനാവശ്യപ്പെട്ട് ഹര്‍ജി

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്:പള്ളിയില്‍ വെച്ച് ഭാര്യയേയും മറ്റൊരാളേയും വെടിവെച്ചു കൊല്ലുകയും ബന്ധുവായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ശിക്ഷ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് പ്രതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2008 ല്‍ അമേരിക്കയിലെ ക്ലിഫ്ടണിലെ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് ക്‌നാനായ പള്ളിയില്‍ വെച്ചാണ് കൊലപാതകം നടന്നത്.

അന്ന് 27 വയസ്സുണ്ടായിരുന്ന ജോസഫ് എം പള്ളിപ്പുറത്ത് എന്ന വ്യക്തിയാണ് ഭാര്യ രേഷ്മയേയും കുടുംബ സുഹൃത്ത് ഡെന്നീസ് ജോണിനേയും വെടിവെച്ചു കൊന്നത്. കൂടെയുണ്ടായിരുന്ന കസിന്‍ സില്‍വിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് ഗുരുതരമായി പരുക്കേറ്റ സില്‍വി ജീവനോടെ രക്ഷപ്പെട്ടെങ്കിലും അതിനു ശേഷം വീല്‍ചെയറിലാണ് ജീവിതം.

ആറു മാസം മുന്‍പ് താനുമായി പിണങ്ങിപ്പിരിഞ്ഞ രേഷ്മയെ കാണാനായി കാലിഫോര്‍ണിയയില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് എത്തിയതായിരുന്നു ജോസഫ്. രേഷ്മയും കസിനായ സില്‍വിയും പള്ളിയിലാണെന്നറിഞ്ഞ ഇയാള്‍ തോക്കുമായാണ് പള്ളിയിലേക്കെത്തിയത്. പള്ളിയിലെത്തിയ ശേഷം രേഷ്മയെ കാണുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതു ചോദിക്കാനെത്തിയ ഡെന്നീസുമായും ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയത്.

വെടിവെപ്പിനു ശേഷം ഓടി രക്ഷപ്പെട്ട ജോസഫ് പള്ളിപ്പുറത്ത് രണ്ട് ദിവസത്തിന് ശേഷം ജോര്‍ജിയയില്‍ വെച്ച് പിടിയിലാവുകയും പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വീഡിയോ ടേപ്പ് ചെയ്ത മൊഴി പിന്നീട് വിചാരണയില്‍ അദ്ദേഹത്തിനെതിരെ ഉപയോഗിക്കുകയും രണ്ട് കൊലപാതകങ്ങള്‍ക്കും ഒരു കൊലപാതകശ്രമത്തിനും ശിക്ഷിക്കപ്പെടുകയും ചെയ്തു. തുടര്‍ച്ചയായി രണ്ട് ജീവപര്യന്തങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന് 2153 വരെ പരോളിന് അര്‍ഹതയില്ല.

എന്നാല്‍ ജോസഫിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും ഇന്ത്യയില്‍ വെച്ച് ഇതിന് പല തവണ ചികിത്സയിലായിരുന്നുവെന്നും ഇക്കാര്യം പരിഗണിച്ച് ശിക്ഷ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സംഭവിച്ചത് സ്വബോധത്തോടെയല്ലെന്നും ജോസഫ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോണ്‍ വിന്‍സെന്റ് സൈക്കാനിക്ക് ഹര്‍ജിയില്‍ വാദിച്ചു.

മാനസിക പ്രശ്‌നങ്ങളുള്ള ജോസഫ് വിചാരണ നേരിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ആ സമയത്തെ അറ്റോര്‍ണി ഹാര്‍ലി ബ്രൈറ്റ് മാനസിക രോഗത്തിന്റെ പരിഗണന തന്റെ കക്ഷിക്ക് നല്‍കണമെന്ന് വാദിച്ചില്ലെന്നും സൈക്കാനിക്ക് ആരോപിച്ചു.

Advertisment