അലാസ്ക:അലാസ്‌കയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ പോലീസ് കണ്ടെത്തി. കൗമാരക്കാരിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചയുടന്‍ കുട്ടിയെ ഉപേക്ഷിച്ചതെന്ന് അലാസ്‌ക സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് ബുധനാഴ്ച സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ മൂല്യനിര്‍ണ്ണയത്തിനും വൈദ്യ പരിചരണത്തിനുമായി ഫെയര്‍ബാങ്ക്സ് ഏരിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുഞ്ഞിനെ ഉപേക്ഷിച്ചതിന് പിന്നിലെ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും ഇപ്പോള്‍ പെണ്‍കുട്ടിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ഫയല്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ ഈ സമയത്ത് അവളുടെ ക്ഷേമവും വൈദ്യചികിത്സയുമാണ് പ്രധാനമെന്നും ട്രൂപ്പേഴ്സ് വക്താവ് ടിം ഡെസ്പെയിന്‍ വ്യക്തമാക്കി.
അലാസ്‌കയിലെ കൊടും തണുപ്പില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്. ഫെയര്‍ബാങ്ക്സ് നിവാസിയായ റോക്സി ലെയ്ന്‍ ആണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. മെയില്‍ബോക്‌സുകളുടെ ഒരു നിരയ്ക്ക് സമീപത്തായാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞിരുന്നു.
കുഞ്ഞിനൊപ്പം പെട്ടിയില്‍ ഹൃദയഭേദകമായ ഒരു കുറിപ്പും അതിന്റെ അമ്മ വെച്ചിട്ടുണ്ടായിരുന്നു. എന്നെ കണ്ടെത്തുന്നവര്‍ ദയവായി സ്നേഹമുള്ള ഒരു കുടുംബത്തില്‍ എന്നെ ഏല്‍പ്പിക്കണമേ എന്ന് കുഞ്ഞ് പറയുന്നതു പോലെയുള്ള ഒരു കത്താണ് കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നത്.
'ദയവായി എന്നെ സഹായിക്കൂ, എന്റെ പേര് ടെഷാന്‍. 2021 ഡിസംബര്‍ 31 ന് രാവിലെ 6 മണിക്കാണ് ഞാന്‍ ജനിച്ചത്. ഏഴാം മാസത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛനമ്മമാരുടേയും മുത്തശ്ശിമാരുടേയും കയ്യില്‍ എന്നെ വളര്‍ത്താന്‍ ആവശ്യമായ പണമില്ല. എന്നെ ഉപേക്ഷിക്കാന്‍ അവരൊരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ അമ്മയ്ക്ക് എന്നെ നഷ്ടപ്പെടുന്നത് സഹിക്കാനാകാത്ത സങ്കടമാണ്. പക്ഷേ അവര്‍ക്ക് ഇതല്ലാതെ വേറെ വഴിയില്ല. എന്നെ കണ്ടെത്തുന്നവര്‍ ദയവായി എന്നെയൊരു സ്നേഹമുള്ള കുടുംബത്തില്‍ എത്തിക്കണമേയെന്ന് എന്റെ അച്ഛനമ്മമാര്‍ യാചിക്കുന്നു.' ഇതായിരുന്നു കുഞ്ഞിനോടൊപ്പമുള്ള കത്തില്‍ ഉണ്ടായിരുന്ന വാചകങ്ങള്‍.