എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റെ സ്‌കൂളിലെ ബാസ്‌ക്കറ്റ് ബോള്‍ ഗെയിമിനിടെ റഫറിയെ തള്ളിയിട്ട് മൂക്ക് ഇടിച്ചു തകര്‍ത്ത് പിതാവ്. ആക്രമണത്തില്‍ എട്ടാം ക്ലാസുകാരന്റെ പിതാവായ 31-കാരനായ മാര്‍ക്ക് മക്ലാഫ്ലിനെതിരെ പോലീസ് കേസെടുത്തു. ഗെയിമിനിടെ മകന് എതിരായി റഫറി പെരുമാറിയെന്നാരോപിച്ചാണ് ഇയാള്‍ 72 വയസ്സുകാരനായ റഫറിയെ ആക്രമിച്ചത്.
സിയാറ്റില്‍ ടൈംസ് പറയുന്നതനുസരിച്ച് മാര്‍ക്ക് റഫറിയെ പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. ശക്തമായ അടിയില്‍ താഴെ വീണ അദ്ദേഹത്തിന്റെ മൂക്കും കവിളുകളും ചതഞ്ഞു.
പിറ്റേ ദിവസം അധികാരികള്‍ക്ക് മുന്നില്‍ സ്വമേധയാ ഹാജരായ മക്ലാഫ്ലിന്‍ തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് വാദിച്ചു. എന്നാല്‍ ആറടി ഉയരവും 97 കിലോ ഭാരവുമുള്ള മക്ലാഫ്ലിന്‍ മര്‍ദ്ദിച്ചാല്‍ 72 വയസ്സുള്ള വയോധികന് അതെത്രമാത്രം സാരമായി ബാധിക്കും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് സീനിയര്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ബ്രൈന്‍ ജേക്കബ്‌സണ്‍ പ്രതികരിച്ചു.
മക്ലാഫ്‌ലിന്‍ സെന്‍ട്രല്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ സ്റ്റാന്‍ഡ്ഔട്ട് ബാസ്‌ക്കറ്റ്‌ബോള്‍ പ്ലെയറായിരുന്നു. സിയാറ്റില്‍ യൂണിവേഴ്സിറ്റിയും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ആറ് വര്‍ഷത്തിനിടെ ഒമ്പത് വ്യത്യസ്ത സ്‌കൂളുകളില്‍ അദ്ദേഹം പഠിച്ചു. uwല്‍ നാല് മാസം മാത്രം ചെലവഴിച്ച അദ്ദേഹം, ഒരു സഹതാരവുമായുള്ള കോര്‍ട്ടിലെ വഴക്കിനെത്തുടര്‍ന്ന് ടീം വിടുകയായിരുന്നു.
മാര്‍ക്ക് മക്ലാഫ്ലിന്‍ റഫറിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണികളില്‍ പലരും ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അതേസമയം ക്ലാഫ്ലിന്റെ മകന്‍ എതിര്‍ കളിക്കാരനെ മനഃപൂര്‍വം ഫൗള്‍ ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
റഫറിയെ മര്‍ദ്ദിച്ച ശേഷം പോലീസ് എത്തുന്നതിന് മുമ്പ് മകനെയും കൂട്ടി അയാള്‍ പോവുകയും ചെയ്തു. മര്‍ദ്ദനമേറ്റ റഫറിയെ ചികിത്സയ്ക്കായി യുഡബ്ല്യു നോര്‍ത്ത് വെസ്റ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.