ടെക്സാസ്: പതിമൂന്നുകാരനായ മകനെ കാറിന്റെ ഡിക്കിയില്‍ അടച്ചതിന് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ടെക്‌സാസിലെ 41 കാരിയായ സാറാ ബീമിനെതിരെയാണ് പോലീസ് കേസെടുത്തത്.
ജനുവരി മൂന്നിന് ഹൂസ്റ്റണിലെ ഒരു ഡ്രൈവ്-ത്രൂ കൊറോണ വൈറസ് ടെസ്റ്റിംഗ് സെന്ററിന് മുന്‍പിലായി പാര്‍ക്ക് ചെയ്തിരുന്ന ബീമിന്റെ കാറിന്റെ ഡിക്കിക്കുള്ളില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നതായി കണ്ടു നിന്നവരില്‍ പലരും പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്.
പോലീസ് ബീമിനോട് കാറിന്റെ ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഡിക്കി തുറന്നപ്പോള്‍ പതിമൂന്നുകാരനായ ആണ്‍കുട്ടി കാറിന്റെ ഡിക്കിയില്‍ കിടക്കുന്നതായി കണ്ടെത്തി. കുട്ടിയെ പോലീസ് പുറത്തിറക്കി.
അതേസമയം കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി സുരക്ഷയുടെ ഭാഗമായാണ് മകനെ ഡിക്കിയിലടച്ചതെന്നായിരുന്നു അമ്മയുടെ വിശദീകരണം. അവന്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍ സമ്പര്‍ക്കം മൂലം അസുഖം പകരുന്നത് തടയാനാണ് മകനെ ഡിക്കിയിലടച്ചതെന്നായിരുന്നു അമ്മ പോലീസിന് നല്‍കിയ വിശദീകരണം.
കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. .കുട്ടികളെ അപായപ്പെടുത്തുന്ന കുറ്റത്തിന് വെള്ളിയാഴ്ച ബീമിന്റെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചതായി സൈപ്രസ് ഫെയര്‍ബാങ്ക്സ് ഐഎസ്ഡി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
2011 മുതല്‍ സൈപ്രസ്-ഫെയര്‍ബാങ്ക്‌സ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുള്ള ബീമിനെ ഇക്കാരണത്തെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് താല്‍ക്കാലികമായി അവധിയില്‍ പ്രവേശിപ്പിച്ചു.