ന്യൂയോര്‍ക്ക്:ചരിത്രത്തിലാദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചു പിടിപ്പിച്ചു. ബാള്‍ട്ടിമോര്‍ മേരിലാന്റ് സ്‌ക്കൂള്‍ ഓഫ് മെഡിവിസിലെ ഡോക്ടര്‍മാരാണ് വ്യത്യസ്ഥമായ ഈ ശസ്ത്രക്രിയയിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 57 വയസ്സുകാരനായ ഡേവിസ് ബെന്നെറ്റ് എന്നയാള്‍ക്കാണ് പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചത്. ജനുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്.
ഇന്നിപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടു. എന്നാല്‍ രോഗി സുഖമായിരിക്കുന്നുവെന്നും ഹൃദയം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതിഗുരുതരാവസ്ഥയിലുള്ള രോഗിയായിരുന്നു ഡേവിസ്. എന്തായാലും മരിക്കുമെന്ന് ഉറപ്പുള്ള രോഗിയില്‍ പരീക്ഷണാര്‍ത്ഥമാണ് ഡോക്ടര്‍മാര്‍ പന്നിയുടെ ഹൃദയം സര്‍ജറിയിലൂടെ വെച്ചു പിടിപ്പിച്ചത്.
എന്തായാലും മരിക്കും എന്ന അവസ്ഥയിലുള്ള രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനാകുമോ എന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. ട്രാന്‍സ് പ്ലാന്റ് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നുവെങ്കില്‍ മരണം ഉറപ്പായും സംഭവിക്കുമായിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയ ഒരു പരിധിവരെ വിജയമാണ് എന്നതിന്റെ ലക്ഷണങ്ങളാണ് രോഗിയില്‍ പ്രകടമാകുന്നത്.
മൃഗങ്ങളുടെ ശരീരാവയവങ്ങള്‍ മനുഷ്യരില്‍ വെച്ചു പിടിപ്പിക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും പതിറ്റാണ്ടുകളായി നടന്നു വരികയായിരുന്നു. മനുഷ്യ അവയവദാനത്തിന് വളരെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവയവം വെച്ചു പിടിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ 3800 ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട്.