ന്യൂയോര്‍ക്ക്: ബര്‍ഗര്‍ കിംഗ് ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ അതിക്രമിച്ചു കയറി കാഷ് കൗണ്ടറിലുണ്ടായിരുന്ന പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് കോടീശ്വരനായ ജോണ്‍ കാറ്റ്‌സിമാറ്റിഡിസ്. കഴിഞ്ഞ ദിവസം മാന്‍ഹട്ടനിലെ 116-ാം സ്ട്രീറ്റിലെ ബര്‍ഗര്‍ കിംഗ് ഫാസ്റ്റ് ഫുഡ് ഷോപ്പിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്.
ഷോപ്പിലെ കാഷ്യറായ പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ക്രിസ്റ്റല്‍ ബെയ്‌റോണ്‍-നീവ്സാണ് കൊല്ലപ്പെട്ടത്. ഈ വാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്ന് ജോണ്‍ കാറ്റ്‌സിമാറ്റിഡിസ് പ്രതികരിച്ചു. വെറും നൂറു ഡോളറിന് വേണ്ടിയാണ് അയാള്‍ ആ പെണ്‍കുട്ടിയെ കൊന്നു കളഞ്ഞതെന്നറിഞ്ഞപ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നിയെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ക്രൈം സ്റ്റോപ്പേഴ്‌സ് 3500 ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനു പുറമേയാണ് ഇപ്പോള്‍ കാറ്റ്‌സിമാറ്റിഡിസും പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖംമൂടി ധരിച്ച കൊലയാളി ബയ്റോണ്‍-നീവ്സിന് നേരെ തോക്ക് ചൂണ്ടുന്നതിന്റെയും കൊലപ്പെടുത്തുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.
പുലര്‍ച്ചെയോടെ കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ച് കയ്യില്‍ തോക്കുമായി ഷോപ്പിലെത്തിയ അക്രമി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൗണ്ടറിലേക്ക് പോകുന്നതിനിടെ തടയാന്‍ ശ്രമിച്ച ഒരു ജീവനക്കാരനേയും ഷോപ്പിലെ വനിതാ മാനേജരേയും ഇയാള്‍ മര്‍ദ്ദിച്ചു. അതിനു ശേഷം കൗണ്ടറിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന കാഷ്യര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പിന്നീട് പണവുമായി പ്രതി കടന്നുകളയുകയും ചെയ്തു.
വെടിയേറ്റു വീണ പെണ്‍കുട്ടിയെ ഉടന്‍ തന്നെ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. മകള്‍ ആദ്യമായി ജോലിക്ക് കയറിയതാണെന്നും ബര്‍ഗര്‍ കിംഗില്‍ കാഷ്യറായി ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും നീവ്സിന്റെ അമ്മ കണ്ണീരോടെ പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.