Advertisment

ടോംഗയില്‍ ആദ്യം അഗ്നിപര്‍വത സ്‌ഫോടനം, പിന്നാലെ സുനാമി; വിവിധ രാജ്യങ്ങളിലും മുന്നറിയിപ്പ്-വീഡിയോ

New Update

publive-image

നുകുഅലോഫ: വെള്ളത്തിനടിയിലെ ഭീമാകാരമായ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമി തിരമാലകൾ പസഫിക് രാജ്യമായ ടോംഗയെ ആശങ്കയിലാഴ്ത്തി. പള്ളികളിലും, വീടുകളിലും വെള്ളം ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തലസ്ഥാനമായ നുകുഅലോഫയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ചാരം വീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തന്റെ കുടുംബം അത്താഴത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും സമീപത്ത് ബോംബുകൾ പൊട്ടിത്തെറിക്കുന്നതു പോലെ തോന്നിയെന്നും ടോംഗ നിവാസിയായ മേരെ തൗഫ പറഞ്ഞു. ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

അഗ്നിപർവ്വതത്തിൽ നിന്ന് ഒഴുകുന്ന വാതകവും പുകയും ചാരവും ആകാശത്തേക്ക് 20 കി.മീ വരെ എത്തിയതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ ടോംഗയിലുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ഓക്ക്‌ലൻഡ് സർവകലാശാലയിലെ അഗ്നിപർവ്വത ശാസ്ത്രജ്ഞനായ പ്രൊഫ ഷെയ്ൻ ക്രോണിൻ പറഞ്ഞു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പിന്തുണ നൽകാൻ തയ്യാറാണെന്നും ഓസ്‌ട്രേലിയൻ സർക്കാരിന്റെ വക്താവ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിലും ടാസ്മാനിയയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക്കിലെ മറ്റൊരു ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവും സമാനമായ മുന്നറിയിപ്പ് നൽകി.

ന്യൂസിലാന്റിന്റെ ചില ഭാഗങ്ങളിൽ "തീരത്ത് ശക്തവും അസാധാരണവുമായ പ്രവാഹങ്ങളും പ്രവചനാതീതമായ കുതിച്ചുചാട്ടവും" പ്രതീക്ഷിക്കാമെന്ന് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പറഞ്ഞു. ഫിജിയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

https://www.facebook.com/tongametservice/posts/254623963465620

Advertisment