വിര്‍ജീനിയ:28 കാരിയായ ഷോപ്പ് ക്ലര്‍ക്കിനെ കാണാതായതുമായി ബന്ധപ്പെട്ട് വിര്‍ജീനിയ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് അഹ്റിയല്‍ സ്മിത്ത് എന്ന യുവതിയെ കാണാതായത്. ഹീത്സ്വില്ലെയിലെ ക്ലാരവില്ലെ ലിറ്റില്‍ സ്യൂ സ്റ്റോറില്‍ ജോലി ചെയ്യുന്ന സ്മിത്ത് രാത്രി ഷോപ്പ് പൂട്ടി പുറത്തിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. എന്നാല്‍ അതിനു ശേഷം യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ല.
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹീത്ത്സ്വില്ലെയിലെ ടൈറോണ്‍ എന്‍. സാമുവല്‍ എന്ന അമ്പതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഹ്റിയല്‍ സ്മിത്തിനെ തട്ടിക്കൊണ്ടുപോയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇയാളിതുവരെ തന്റെ ഒളിത്താവളം പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
സ്മിത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 9,400 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച. രാത്രി 9:05 ഓടെ സ്മിത്ത് കടയില്‍ നിന്നിറങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നീട് വീണ്ടും തിരിച്ച് വന്ന് കടയില്‍ അലാറം ഓണ്‍ ചെയ്ത്, ലോക്ക് ചെയ്ത് കടയിലെ വെയ്‌സ്റ്റ് ബിന്നുമായി പുറത്തേക്കിറങ്ങി. വേസ്റ്റ് കളയുന്ന ഭാഗത്തേക്ക് യുവതി നടക്കുന്ന രംഗങ്ങള്‍ വരെ സിസിടിവിയിലുണ്ട്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.
അതേസമയം പിറ്റേന്ന് രാവിലെ, സ്മിത്തിന്റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് തന്നെ കിടക്കുന്നതായി കണ്ടു. വെയ്സ്റ്റ് കളയുന്ന സ്ഥലത്ത് നിന്ന് സ്മിത്തിന്റെ മണം പിടിക്കാന്‍ പോലീസ് നായയെ കൊണ്ടു വന്നു. മണം പിടിച്ച നായ റോഡ് വരെ ഓടിയ ശേഷം തിരികെ വന്നു. റോഡില്‍ നിന്ന് സ്മിത്ത് മറ്റേതെങ്കിലും വാഹനത്തില്‍ കയറി പോയിരിക്കാമെന്ന് പോലീസ് പറഞ്ഞു.