ഫ്ലോറിഡ: കാനഡ- യുഎസ് അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഫ്‌ളോറിഡയിലെ സ്റ്റീവ് ഷാന്‍ഡ് എന്ന 47കാരനാണ് അറസ്റ്റിലായത്. മനുഷ്യക്കടത്തിനാണ് ഇയാള്‍ അറസ്റ്റിലായത്. യുഎസ് അതിര്‍ത്തിയില്‍ നിന്ന് യാര്‍ഡ് മാത്രം അകലെ കാനഡയിലാണ് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു പിഞ്ചുകുഞ്ഞും ഒരു കൗമാരക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതികഠിനമായ തണുപ്പില്‍ മരവിച്ച അവസ്ഥയിലായിരുന്നു പിഞ്ചുകുഞ്ഞിന്റേടക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെതത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്‌ലോറിഡയില്‍ മനുഷ്യക്കടത്ത് ആരോപിച്ച് വ്യാഴാഴ്ച കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.
മിനസോട്ടയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച നോര്‍ത്ത് ഡക്കോട്ടയിലെ കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്ന് വാനില്‍ പതിനഞ്ചു യാത്രക്കാരുമായി പോകുന്നതിനിടെയാണ് സ്റ്റീവ് ഷാന്‍ഡിനെ അതിര്‍ത്തി പട്രോളിംഗ് ഏജന്റുമാര്‍ പിടികൂടിയത്. വാനില്‍ യാതൊരു രേഖകളുമില്ലാത്ത രണ്ട് ഇന്ത്യക്കാരുമുണ്ടായിരുന്നു.
ഷാന്‍ഡ് അറസ്റ്റിലായ സ്ഥലത്തേക്ക് കാല്‍നടയായി പോകുന്ന മറ്റ് അഞ്ച് ഇന്ത്യക്കാരെ നിയമപാലകര്‍ പിന്നീട് കണ്ടെത്തി. അവരില്‍ ഒരാള്‍ യുഎസിലേക്ക് കടക്കുന്നതിനിടയില്‍ ഗ്രൂപ്പില്‍ നിന്ന് വേര്‍പിരിഞ്ഞ നാലംഗ കുടുംബത്തിലെ കുഞ്ഞിന്റെ സാധനങ്ങളുള്ള ഒരു ബാഗ് കൈവശം വച്ചിരുന്നുവെന്ന് ഓഫീസ് അറിയിച്ചു. വേര്‍പെട്ടുപോയ ഈ നാലംഗ കുടുംബത്തെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതികഠിനമായ തണുപ്പിനെത്തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ മരണപ്പെട്ടത്. 'ഇത് ഹൃദയഭേദകമായ ഒരു ദുരന്തമാണെന്ന് ആര്‍സിഎംപി അസിസ്റ്റന്റ് കമ്മീഷണര്‍ ജെയിന്‍ മക്ലാച്ചി പറഞ്ഞു. ഇവര്‍ തണുത്ത കാലാവസ്ഥയെ മാത്രമല്ല, വലിയ മഞ്ഞുവീഴ്ചകളും പൂര്‍ണ്ണമായ ഇരുട്ടിനെയുമെല്ലാം നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ട്രെക്കിംഗിനിടെ, സംഘം മൈനസ് 35 ഡിഗ്രി കാറ്റിനെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. തണുപ്പ് കൊണ്ടാണ് ആളുകള്‍ മരിച്ചതെന്നാണ് അധികൃതരുടെ അനുമാനം.
ഏകദേശം 11 മണിക്കൂറോളം തങ്ങള്‍ ക്രൂരമായ അവസ്ഥയില്‍ നടക്കുകയായിരുന്നുവെന്നും ആരെങ്കിലും കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ അധികൃതരോട് പറഞ്ഞു. ജനുവരി 24-ന് ഷാന്‍ഡ് വീണ്ടും കോടതിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു