ഹൂസ്റ്റണ്‍:ട്രാഫിക് ചെക്കിംഗിനിടെ പോലീസ് ഓഫീസറെ വെടിവെച്ചു കൊന്നു. ജനുവരി 23 ഞായറാഴ്ച ഹൂസ്റ്റണിലാണ് കൊലപാതകം നടന്നത്. വാഹന പരിശോധന നടത്തുകയായിരുന്ന ഡെപ്യൂട്ടി കോണ്‍സ്റ്റബിളായ ചാള്‍സ് ഗല്ലൊവയാണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചു വരുന്നതിനിടെ ട്രാഫിക് നിയമം തെറ്റിച്ച് വന്ന ടൊയോട്ട കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓഫീസര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.
നിയമലംഘനവുമായി ബന്ധപ്പെട്ട് ഡ്രൈവറോട് സംസാരിക്കുന്നതിനായി ചാള്‍സ് അടുത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നിറങ്ങിയ ഡ്രൈവര്‍ ഇദ്ദേഹത്തിന് നേരെ വെടിവെക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ചാള്‍സിനെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മാരക പ്രഹരശേഷിയുള്ള തോക്കാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
47 വയസ്സുകാരനാണ് കൊല്ലപ്പെട്ട പോലീസ് ഓഫീസറായ ചാള്‍സ് ഗല്ലോവ. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പെട്ടന്നുണ്ടായ സംഭവത്തില്‍ പകച്ചുപോയ മറ്റ് പോലീസുകാര്‍ക്ക് കാര്യം മനസ്സിലാകുന്നതിന് മുന്‍പ്തന്നെ പ്രതി വാഹനവുമായി കടന്നുകളഞ്ഞിരുന്നു. പിന്നീട് പോലീസ് ഇയാളെ പിന്തുടര്‍ന്നെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഹാരിസ് കൗണ്ടി പ്രസിംഗ്റ്റ് 5 ല്‍ ഡപ്യൂട്ടിയായി പ്രവര്‍ത്തിക്കുകയായിരുന്നു ചാള്‍സ്. അടുത്തിടെ ഫീല്‍ഡ് ട്രെയിനിംഗ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.