ചരിത്രത്തിലാദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി കൊടും കുറ്റവാളിയെന്ന് റിപ്പോര്‍ട്ട് ! കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ചരിത്രം പുറത്തു വിട്ട് അമേരിക്കന്‍ മാധ്യമങ്ങള്‍

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്:ചരിത്രത്തിലാദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗിയായ 57 വയസുകാരന്‍ കൊടും കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്. ജനുവരി എട്ടിന് ഡേവിഡ് ബെന്നറ്റ് എന്നയാള്‍ക്കാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചത്.

ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താതെ മുന്‍പോട്ടു ജീവിക്കാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് പരീക്ഷണാര്‍ത്ഥം ബെന്നറ്റിന്റെ ശരീരത്തില്‍ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. മനുഷ്യഹൃദയത്തിനായി കാത്തു നിന്നെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു പരീക്ഷണം.

പന്നിയുടെ ഹൃദയം സ്വീകരിച്ച ബെന്നറ്റ് അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ പഴയ ചരിത്രവും ജീവിത സാഹചര്യവുമെല്ലാം ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബെന്നറ്റിന്റെ ചെറുപ്പ കാലത്ത് മേരിലാന്‍ഡിലുള്ളവര്‍ ഇയാളെ കണ്ടിരുന്നത് പേടിയോടെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1988ല്‍ എഡ്വേര്‍ഡ് ഷൂമാക്കര്‍ എന്ന 22 കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. കുത്തേറ്റ അതി ഗുരുതരാവസ്ഥയിലായ ഷൂമാക്കര്‍ ശരീരം തളര്‍ന്ന അവസ്ഥയില്‍ ഇരുപത് വര്‍ഷം നരകയാതന അനുഭവിച്ച ശേഷമാണ് മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു.

ഷൂമാക്കറുടെ കേസില്‍ 29824 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ബെന്നറ്റ് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല. ഇതുകൂടാതെ കൊലപാതകം, ആയുധം കൈവശം വെയ്ക്കല്‍, തുടങ്ങി നിരവധി കേസുകളിലായി ബെന്നറ്റിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.

ഇപ്പോള്‍ ചരിത്രത്തിലാദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ച മനുഷ്യനെന്ന നിലയില്‍ വാര്‍ത്തയിലിടം പിടിച്ചപ്പോള്‍ ബെന്നറ്റിന്റെ പഴയകാലവും പുറത്തു വന്നിരിക്കുകയാണ്. അത്യാധുനിക വൈദ്യപരിചരണം നല്‍കാനായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികളുടെ ക്രിമിനല്‍ പശ്ചാത്തലം കണ്ടില്ലെന്ന് നടിക്കുന്നതിനെക്കുറിച്ചും വിമര്‍ശനങ്ങളുയര്‍ന്നു.

അതേസമയം രോഗികളുടെ ക്രിമിനല്‍ പശ്ചാത്തലം അവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗികള്‍ ആരായിരുന്നാലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment