ന്യൂയോര്‍ക്ക്: കവര്‍ച്ചയ്ക്കിടെ ഹോട്ടല്‍ ജീവനക്കാരായ യുവതികളെ വധിച്ച കേസില്‍ പ്രതിയായ ന്യൂയോര്‍ക്ക് സ്വദേശിയുടെ വധ ശിക്ഷ നടപ്പിലാക്കി. ഡൊണാള്‍ഡ് ഗ്രാന്റ് എന്ന 46 കാരന്റെ വധശിക്ഷയാണ് ഒക്കലഹോമയില്‍ നടപ്പിലാക്കിയത്. മാരകമായ വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. 2001ലാണ് ഗ്രാന്റ് ഹോട്ടലില്‍ കവര്‍ച്ച നടത്തുന്നതിനിടെ അവിടുത്തെ ജീവനക്കാരായ യുവതികളെ കൊലപ്പെടുത്തിയത്.
ഡെല്‍ സിറ്റിയിലെ ലാ ക്വിറ്റ ഇന്നില്‍ ബ്രെന്‍ഡ മക്ലീയയെയും ഫെലിസിയ സുസെറ്റ് സ്മിത്തിനെയും കൊലപ്പെടുത്തിയതായി കഴിഞ്ഞ നവംബറില്‍ നടന്ന ഒരു ദയാഹരജിയില്‍ ഗ്രാന്റ് സമ്മതിച്ചു. കവര്‍ച്ചയുടെ സാക്ഷികളെ ഇല്ലാതാക്കാനാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഗ്രാന്റ് പറഞ്ഞു. സ്ത്രീകളെ വെടിയേറ്റും കുത്തേറ്റും കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
വധശിക്ഷ ഒഴിവാക്കുന്നതിനായി സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയതോടെ മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ വച്ച് ഡൊണാള്‍ഡ് ഗ്രാന്റിന്റെ വധ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. അയ്യോ ദൈവമേ, ഒടുവില്‍ എനിക്കിത് സംഭവിച്ചല്ലോ എന്നായിരുന്നു ഗ്രാന്റ് അവസാനമായി വിലപിച്ചതെന്ന് വധശിക്ഷയ്ക്ക് സാക്ഷികളായവര്‍ പറഞ്ഞു. എക്‌സിക്യൂഷന്‍ ചേമ്പറിനുള്ളില്‍ നിന്ന് മൈക്രോഫോണ്‍ ഓഫാക്കിയതിന് ശേഷവും ഗ്രാന്റ് ശബ്ദമില്ലാതെ മന്ത്രിക്കുകയും സംസാരം തുടരുകയും ചെയ്തുവെന്നും സാക്ഷികള്‍ പറഞ്ഞു.
യുവതികളെ കൊലപ്പെടുത്തിയതിനു ശേഷം സ്ഥലത്ത് നിന്ന് പലായനം ചെയ്ത ഗ്രാന്റ് ബ്രോങ്ക്‌സിലെ സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ പിടിയിലായത്. അതേസമയം ഗ്രാന്റിന്റെ വധശിക്ഷ നടപ്പിലാക്കിയതില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട യുവതികളുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.