/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
വാഷിംഗ്ടണ്‍:സഹപ്രവര്‍ത്തകയുമായുള്ള രഹസ്യബന്ധം വിവാദമായ സാഹചര്യത്തില്‍ ജെഫ് സുക്കര്‍ സിഎന്‍എന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടും വിവാദത്തിന് കാരണക്കാരിയായ സിഎന്‍എനിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആലിസണ്‍ ഗെല്ലസ്റ്റ് കമ്പനിയില്‍ തുടരുന്നതില്‍ പ്രതിഷേധവുമായി സിഎന്‍എനിലെ വനിതാ ജീവനക്കാര്‍.
ആരോപണ വിധേയരായവരില്‍ ഒരാള്‍ മാത്രം രാജി വെച്ച് ഒഴിയുകയും മറ്റേയാള്‍ സുഖമായി കമ്പനിയില്‍ തല്‍സ്ഥാനത്ത് തുടരുകയും ചെയ്യുന്നത് ശരിയല്ലെന്ന് വനിതാ ജീവനക്കാര്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.
സിഎന്‍എന്‍ ഒരു സുതാര്യമായ വാര്‍ത്താ ശൃംഖലയായിരിക്കണം. ഇത്രയും കാലം തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരാളെ എന്തുകൊണ്ടാണ് വിഷയം വിവാദമായ സാഹചര്യത്തിലും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും വനിതാ ജീവനക്കാര്‍ ചോദിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെഫ് സുക്കര്‍. അമേരിക്കയിലെ മുന്‍ നിര മാധ്യമപ്രവര്‍ത്തകരില്‍ അതി പ്രശസ്തനായ വ്യക്തിയാണ് ജെഫ് സുക്കര്‍. ആഗോള മാധ്യമ ഭീമനായ സിഎന്‍എനിന്റെ പ്രസിഡന്റായിരിക്കെ സ്ഥാപനത്തിലെ ജീവനക്കാരിയുമായി രഹസ്യബന്ധമുണ്ടെന്ന വിവരം വിവാദമായതോടെയാണ് ജെഫ് സുക്കറിന്റെ രാജി.
ആംഗര്‍ ക്രിസ് ക്യൂമോയെക്കുറിച്ചുള്ള പരാതിയില്‍ സിഎന്‍എനിന്റെ അന്വേഷണത്തിനിടെ ഗൊല്ലസ്റ്റുമായുള്ള ബന്ധം വെളിച്ചത്തുവന്നതിനെത്തുടര്‍ന്ന് താന്‍ വിരമിക്കുമെന്ന് അറിയിച്ചുകൊണ്ട് ബുധനാഴ്ച പുലര്‍ച്ചെ സുക്കര്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരു മെമ്മോ അയച്ചിരുന്നു. അദ്ദേഹം ഈ ബന്ധത്തെ 'സമ്മതത്തോടെയുള്ളത്' എന്ന് വിശേഷിപ്പിക്കുകയും അത് എത്രയും വേഗം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജീവനക്കാരോട് പറയുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ താനും ജെഫ് സുക്കറും ഇരുപത് വര്‍ഷത്തോളമായി പ്രൊഫഷണല്‍ സഹപ്രവര്‍ത്തകരാണെന്നും എന്നാല്‍ കോവിഡ് പാന്‍ഡമിക് സമയത്ത് തങ്ങളുടെ ബന്ധം മാറിയെന്നും വിശദീകരിച്ച് ആലിസണും പ്രസ്താവനയിറക്കിയിരുന്നു. 2013ലാണ് സിഎന്‍എനിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജെഫ് സുക്കര്‍ എത്തുന്നത്.
ആലിസണുമായുള്ള ബന്ധത്തെക്കുറിച്ച് ജെഫ് സുക്കര്‍ കമ്പനിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ജെഫ് സുക്കര്‍ രാജി വെച്ചത്.
ആലിസണുമായുള്ള ബന്ധം തുടക്കത്തില് തന്നെ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അത് സാധിച്ചില്ലെന്നും ഇപ്പോള്‍ വിഷയം വിവാദമായ സാഹചര്യത്തില്‍ താന്‍ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ ജെഫ് സുക്കര്‍ വ്യക്തമാക്കി.