/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ന്യൂയോര്‍ക്ക്: രാവിലെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന സ്ത്രീയെ അജ്ഞാതന്‍ പിന്നിലൂടെയെത്തി കുത്തിക്കൊലപ്പെടുത്തി. ഡൊറോത്തി ക്ലാര്‍ക്ക് എന്ന അമ്പതുകാരിയാണ് കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്തിന് സമീപം കൊല്ലപ്പെട്ടത്. ഗ്ലെന്‍വുഡ് റോഡിന് സമീപം ആല്‍ബനി അവന്യുവില്‍ പാര്‍ക്കിംഗ് ലോട്ട് ക്രോസ് ചെയ്യുന്നതിനിടയിലാണ് ഡൊറോത്തി ആക്രമിക്കപ്പെട്ടതെന്ന് ബ്രുക്ക്‌ലിന്‍ പോലീസ് അറിയിച്ചു.
വീട്ടില്‍ നിന്നും ഒരു മൈല്‍ മാത്രം അകലെയുള്ള പാത്ത് മാര്‍ക്ക് സ്റ്റോറിലാണ് ഡൊറോത്തി ജോലി ചെയ്തിരുന്നത്. സ്‌റ്റോറിന് സമീപം എത്താറായപ്പോഴാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. പകച്ചുപോയ ഡൊറോത്തി ഉടന്‍ തന്നെ സ്‌റ്റോറിലേക്ക് ഓടിക്കയറുകയും തന്നെ ആരോ പിന്നില്‍ നിന്ന് ആക്രമിച്ചുവെന്ന് സ്റ്റോറിലുള്ളവരോട് പറയുകയും ചെയ്തു. ഇതിനു പിന്നാലെ ഇവര്‍ ബോധരഹിതയാവുകയും ചെയ്തു.
ബോധം മറയുന്നതിന് മുന്‍പ് തന്റെ പുറത്ത് ചൂട് അനുഭവപ്പെടുന്നതാി ഡൊറോത്തി പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകര്‍ നോക്കിയപ്പോള്‍ ഇവരുടെ പുറത്ത് വലിയൊരു കത്തി തറച്ചു നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഡൊറോത്തിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം ഡൊറോത്തിക്ക് കുറച്ചുനാള്‍ മുന്‍പു വരെ ഒരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ആ ബന്ധം ഉപേക്ഷിച്ചതായും സഹോദരി പോലീസിനോട് പറഞ്ഞു. എന്നാല്‍ അയാള്‍ ഡൊറോത്തിക്ക് ബന്ധം അവസാനിപ്പിച്ചതിനു ശേഷവും മോശമായി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും സഹോദരി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഇയാള്‍ ആണോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.