യുകെയില്‍ ആശങ്ക പരത്തി 'ലസ്സ ഫീവര്‍'! ഒരു മരണം സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

ലണ്ടന്‍: യുകെയില്‍ ലസ്സ ഫീവര്‍ ബാധിച്ച് ആദ്യ മരണം. വടക്ക് ബെഡ്ഫോർഡ്ഷയറിലെ ഒരു ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. രോഗബാധിതരായ മൂന്ന് പേരും കിഴക്കൻ ഇംഗ്ലണ്ടിലെ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ആഫ്രിക്കയില്‍ നിന്ന് എത്തിയവര്‍ക്കാണ് ഈ രോഗബാധ കണ്ടെത്തിയത്.

Advertisment

1980 മുതൽ യുകെയിൽ എട്ട് ലസ്സ പനികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനത്തെ രണ്ട് കേസുകൾ 2009 ലാണ് സ്ഥിരീകരിച്ചത്. അതിനുശേഷം ഇപ്പോഴാണ് ലസ്സ ഫിവര്‍ യുകെയില്‍ കണ്ടെത്തുന്നത്.

എന്താണ് ലസ്സ പനി?

യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അനുസരിച്ച്, ഇത് ഒരു മൃഗത്തിലൂടെ പകരുന്ന, അല്ലെങ്കിൽ സൂനോട്ടിക്, അക്യൂട്ട് വൈറൽ രോഗമാണ്. 'മാസ്റ്റോമിസ് നറ്റാലെന്‍സിസ് ' എന്ന പേരില്‍ അറിയപ്പെടുന്ന എലിയാണ് ലസ്സ ഫീവര്‍ പരത്തുന്നത്. പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒരു വൈറല്‍ അണുബാധയാണ് ലസ്സ ഫീവര്‍.

ലസ്സ പനിയുടെ ഇൻകുബേഷൻ കാലയളവ് 2-21 ദിവസമാണ്. പനി, ബലഹീനത, അസ്വാസ്ഥ്യം, തലവേദന, തൊണ്ടവേദന, പേശി വേദന, നെഞ്ചുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, ചുമ, വയറുവേദന, എന്നിവയാണ് ലക്ഷണങ്ങള്‍.

ഗുരുതര കേസുകളില്‍ മുഖത്തെ നീര്‍വീക്കം, രക്തസ്രാവം തുടങ്ങിയവയും സംഭവിക്കാം. ഗുരുതരമായി രോഗം ബാധിക്കുന്നവര്‍ക്ക് 14 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാം. റിബാവിറിൻ എന്ന ആൻറിവൈറൽ മരുന്നാണ് ലസ്സ പനി രോഗികളിൽ വിജയകരമായി ഉപയോഗിച്ചതെന്ന് സിഡിസി അറിയിച്ചു. അസുഖത്തിന്റെ തുടക്കത്തിൽ മരുന്ന് നൽകിയാൽ ഏറ്റവും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment