'എന്നെ കൊല്ലരുത്, എനിക്കൊരു കുടുംബമുണ്ട്,'; നാല് കുട്ടികളുടെ അമ്മയായ യൂബര്‍ ഡ്രൈവറുടെ യാചന കേള്‍ക്കാതെ അക്രമി യുവതിയെ വെടിവെച്ചു കൊന്നു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

പെന്‍സില്‍വാനിയ: യൂബര്‍ ഡ്രൈവറും നാല് കുട്ടികളുടെ അമ്മയുമായ യുവതി മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പെന്‍സില്‍വാനിയയിലെ 38 കാരിയായ ക്രിസ്റ്റി സ്പിക്യൂസയാണ് കവര്‍ച്ചക്കിരയായ ശേഷം മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 12 ന് മണ്‍റോവില്ലെയിലെ ഒരു വനപ്രദേശത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ തലയില്‍ വെടിയേറ്റ നിലയിലാണ് സ്പിക്യൂസയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisment

രാത്രി 9:15നാണ് സ്പിക്യൂസ അവസാന യാത്രക്കാരനെ പിക് ചെയ്തത്. 22കാരനായ കാല്‍വിന്‍ ക്രൂവാണ് വാഹനത്തില്‍ കയറിയത്. ഇയാളാണ് സ്പിക്യൂസയെ കൊലപ്പെടുത്തിയത്. യാത്ര തുടങ്ങി പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ കാല്‍വിന്‍ സ്പിക്യൂസയുടെ കഴുത്തിന് പുറകില്‍ തോക്കമര്‍ത്തുകയായിരുന്നു. നിങ്ങളെന്താ തമാശ കാണിക്കുകയാണോ എന്നാണ് സ്പിക്യൂസ ആദ്യം ഇയാളോട് ചോദിച്ചത്.

കാറിന്റെ ഡാഷ്‌ക്യാം ക്യാമറയില്‍ നിന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പിന്നീട് യാത്രക്കാരന്‍ യഥാര്‍ത്ഥത്തില്‍ തന്നെ വധിച്ചേക്കുമെന്ന് ഉറപ്പായതോടെ ദയവായി തന്നെ വെറുതെ വിടണമെന്നും തനിക്ക് നാല് കുട്ടികളുണ്ടെന്നും സ്പിക്യൂസ കാല്‍വിനോട് അപേക്ഷിച്ചു. താന്‍ പറയുന്നതെല്ലാം അനുസരിച്ചാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു കാല്‍വിന്റെ മറുപടി. പിന്നീടുള്ള ദൃശ്യങ്ങള്‍ ഡാഷ്‌ക്യാമില്‍ നിന്ന് ലഭിച്ചില്ല.

ഫെബ്രുവരി 11 ന് സ്പിക്യൂസയെ കാണാനില്ലെന്ന് വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിരുന്നു. കാല്‍വിന്‍ എന്ന യാത്രക്കാരനുമായി സമീപപ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങളിലൂടെ സ്പിക്യൂസ യാത്ര ചെയ്തതായി ജിപിഎസ് രേഖകള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യാത്ര അവസാനിച്ച സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്പിക്യൂസയെ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

തൊട്ടടുത്ത ദിവസം തന്നെ കാല്‍വിന്‍ അറസ്റ്റിലായി. ക്രിമിനല്‍ നരഹത്യ, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍, അല്ലെഗെനി കൗണ്ടി പോലീസ് സൂപ്രണ്ട് ക്രിസ്റ്റഫര്‍ കെയര്‍ന്‍സ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ജില്ലാ ജഡ്ജി റോബര്‍ട്ട് ഡ്‌സ്വോനിക്ക് മുമ്പാകെ ഹാജരാക്കിയ കാല്‍വിനെ ജാമ്യമില്ലാതെ അലഗെനി കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Advertisment