ആശങ്കകള്‍ അകലെയല്ല? ചെർണോബിലിൽ നിന്നുള്ള ​ഗാമ വികിരണ തോത് വർധിച്ചതായി കണ്ടെത്തല്‍; വെളിപ്പെടുത്തലുമായി ഉക്രൈനിലെ ആണവോർജ നിയന്ത്രണ ഏജൻസി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കീവ്: റഷ്യൻ സൈന്യം പിടിച്ചെടുത്ത ചെർണോബിൽ ആണവനിലയത്തിന് സമീപമുള്ള പ്രദേശത്ത് ഗാമാ വികിരണത്തിന്റെ അളവ് സാധാരണയേക്കാൾ ഉയർന്നതായി കണ്ടെത്തിയതായി ഉക്രൈനിലെ ആണവോർജ നിയന്ത്രണ ഏജൻസി. ചെർണോബിൽ മേഖലയിൽ ഉയർന്ന ഗാമാ റേഡിയേഷൻ അളവ് കണ്ടെത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റാണ് വെള്ളിയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എക്‌സ്‌ക്ലൂഷന്‍ സോണിലൂടെ വന്‍തോതില്‍ ഭാരമേറിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോയതും, വായുവിലേക്ക് മലിനമായ റേഡിയോ ആക്ടീവ് ഡസ്റ്റ് പുറന്തുള്ളുന്നതും കാരണം മേല്‍മണ്ണിലുണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് സംശയിക്കുന്നത്. ചെർണോബിൽ ആണവനിലയം ഉള്‍പ്പെടുന്ന പ്രദേശം റഷ്യന്‍ സൈന്യം വ്യാഴാഴ്ച പിടിച്ചെടുത്തിരുന്നു.

റഷ്യൻ വ്യോമസേന പ്ലാന്റിനെ സംരക്ഷിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. പ്രദേശത്ത് റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്നാണ് അദ്ദേഹം പറയുന്നത്. വ്യാവസായിക സൈറ്റിൽ ആളപായമോ നാശമോ ഉണ്ടായിട്ടില്ലെന്ന് ഉക്രൈന്‍ അറിയിച്ചതായി ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പറഞ്ഞു.

1986-ലെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ വ്യക്തമാക്കി.

Advertisment