/sathyam/media/post_attachments/jEVG74N9fW0fqJ5bCE7c.jpg)
കീവ്: ഉക്രെയ്നിലെ തെക്കുകിഴക്കൻ സപോരിഷ്‌സിയ മേഖലയിലെ മെലിറ്റോപോൾ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യ ഉക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം പിടിച്ചെടുക്കുന്ന ആദ്യത്തെ പ്രധാന ജനവാസ മേഖലയാണ് ഇത്.
ഫെബ്രുവരി 25 ന് റഷ്യൻ സൈന്യം മെലിറ്റോപോളിൽ പ്രവേശിച്ചു. ഷെല്ലുകൾ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ പതിക്കുകയും തീവ്രമായ തെരുവ് പോരാട്ടം നടക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ ഒലെക്സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു.
രാവിലെ 10 മുതല്‍ 11 വരെയുണ്ടായ ആക്രമണത്തിന്റെ ഫലമായ വ്യാപക തീപിടിത്തമുണ്ടാവുകയും വാഹനങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. റഷ്യൻ സൈന്യം നഗരത്തിലെ ഒരു ആശുപത്രിക്ക് നേരെ വെടിയുതിർക്കുകയും 4 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 25ന് തന്നെ റഷ്യന്‍ സൈന്യം നഗരം പൂര്‍ണമായി കീഴടക്കിയിരുന്നെങ്കിലും, മെലിറ്റോപോളില്‍ ചെറിയ യുദ്ധങ്ങള്‍ വൈകുന്നേരം വരെ തുടര്‍ന്നു. നൂറുകണക്കിന് സൈനിക കേന്ദ്രങ്ങളില്‍ റഷ്യൻ സൈന്യം ആക്രമണം നടത്തിയതായും നിരവധി വിമാനങ്ങളും ഡസൻ കണക്കിന് ടാങ്കുകളും കവചിത, പീരങ്കി വാഹനങ്ങളും നശിപ്പിച്ചതായും റഷ്യൻ പ്രതിരോധമന്ത്രാലയം കൂട്ടിച്ചേർത്തു. സംഭവത്തില്‍ ഉക്രൈന്‍ പ്രതികരിച്ചിട്ടില്ല.