/sathyam/media/post_attachments/LMfEJW273GBQ92rFa7bG.jpg)
കീവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴിതാ പുതിയൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് റഷ്യന്‍ മാധ്യമങ്ങള്‍. ഉക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കി തലസ്ഥാനമായ കീവില്‍ നിന്ന് പലായനം ചെയ്‌തെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ സൈന്യം തനിക്കും കുടുംബത്തിനും പിന്നാലെയുണ്ടെന്ന് സെലെന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. സെലെന്‍സ്‌കി തന്റെ ജീവനക്കാരോടൊപ്പം ലിവിവില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ ഒരു സാഹചര്യത്തിലും രാജ്യം വിടില്ലെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് സെലെന്‍സ്‌കിയുടെ ആരോപണം. ഈ പ്രതിസന്ധിഘട്ടത്തില്‍ ഉക്രൈന്‍ ഒറ്റക്കെട്ടായി റഷ്യന്‍ സൈന്യത്തെ നേരിടുകയാണ്. ഉക്രൈന്റെ പോരാട്ടം ഒറ്റയ്ക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യന്‍ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം ഉക്രൈന്‍ തലസ്ഥാനമായ കീവാണ്. ഈ സാഹചര്യത്തിലാണ് സെലെന്‍സ്‌കി കീവ് വിട്ടതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത്. കീവ് ലക്ഷ്യമാക്കി പോരാട്ടം കടുപ്പിക്കാനാണ് റഷ്യയുടെ നീക്കം.