/sathyam/media/post_attachments/SQC5s7bQaFD21RqcdK7Z.jpg)
കീവ്: റഷ്യ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ ‘സൈബർ പോരാട്ടത്തിനൊരുങ്ങി യുക്രെയ്ൻ. ഇതിനായി ഐടി സൈന്യമുണ്ടാക്കാൻ സൈബർ പോരാളികളെ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. ‘ഒരു ഐടി സൈന്യത്തെ സൃഷ്ടിക്കുകയാണ് കീവിന്റെ ലക്ഷ്യമെന്ന് യുക്രെയ്ൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മന്ത്രി മൈഖൈലോ ഫെഡോറോവ് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
റഷ്യയുടെ ഊർജ സ്ഥാപനങ്ങളിലും സാമ്പത്തിക സ്ഥാപനങ്ങളിലും സൈബർ ആക്രമണം നടത്താൻ ഹാക്കർമാരെ ക്ഷണിച്ചുകൊണ്ട് ടെലിഗ്രാം ചാനലിലേക്കുള്ള ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഐടി സ്‌പെഷ്യലിസ്റ്റുകളെയും’ ഈ ദൗത്യത്തിന് ക്ഷണിക്കുന്നതായി ഫെഡോറോവ് പറയുന്നു. റഷ്യയുടെ പ്രകൃതിവാതക ഉൽപാദന സ്ഥാപനങ്ങളിൽ ഭീമനായ ഗാസ്പ്രോം, റഷ്യൻ ബാങ്കുകളായ സ്‌പെർബാങ്ക്, വിടിബി എന്നിവയിലുമാണ് നിലവിൽ സൈബർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.
ഇതിനിടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് പ്രധാന റഷ്യൻ ബാങ്കുകൾക്ക് ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ബെലാറസിന്റെ പ്രതിരോധ മന്ത്രാലയം ശ്രമിക്കുന്നതായി യുക്രെയൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ബെലാറസ് തയ്യാറായിട്ടില്ല.
യുദ്ധത്തിന് മുന്നോടിയായി റഷ്യയിൽ നിന്നും സമാന രീതിയിലുള്ള സൈബർ ആക്രമണം യുക്രെയൻ നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് സൈബർ ഇടത്തിൽ പ്രത്യാക്രമണം നടത്താനുള്ള പദ്ധതിയുമായി യുക്രെയ്ൻ മുന്നോട്ട് പോകുന്നത്.