പാകിസ്താനില്‍ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഇവിടെ അസാധ്യമെന്നു കരുതിയ വികസന പദ്ധതികളാണ് ഷഹ്ബാസ് നടപ്പാക്കിയത്. അടിസ്ഥാന സൗകര്യം പഞ്ചാബില്‍ വിപുലമായത് ഷഹ്ബാസ് മുഖ്യമന്ത്രിയായ സമയത്തായിരുന്നു.
ലാഹോറില്‍ ആദ്യ ആധുനിക ജനകീയ ഗതാഗത സംവിധാനം നടപ്പാക്കിയത് ഇദ്ദേഹമാണ്. പാകിസ്താന്‍ സൈന്യവുമായി അത്ര അടുപ്പം പുലര്‍ത്തിയ ആളായിരുന്നില്ല ജ്യേഷ്ഠന്‍ നവാസ് ഷെരീഫ്.
എന്നാല്‍ പാക് സൈന്യവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് ഷാഹ്ബാസ്. പാക് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സൈന്യത്തിന് അടുപ്പമുള്ളതുകൊണ്ടുതന്നെ ഷാഹ്ബസിന്റെ വഴി തല്‍ക്കാലം സുരക്ഷിതമാണ്.
ഇമ്രാനെ പോലെ ഇന്ത്യാ വിരുദ്ധത കൊണ്ടു നടക്കുന്ന ആളുമല്ല ഷാഹ്ബാസ്. നവാസ് ഷെരീഫും ഇന്ത്യയുമായി അടുപ്പം പുലര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് എല്ലാം തകിടം മറിയുകയായിരുന്നു. എന്തായാലും ഇമ്രാന്‍ ഖാനേക്കാള്‍ ഇന്ത്യയുമായി അടുപ്പം നിലനിര്‍ത്തണമെന്ന ആഗ്രഹമുള്ള വ്യക്തിയാണ് ഷഹബാസ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പഞ്ചാബിലെ വ്യവസായികളുടെ സമ്പന്ന കുടുംബത്തിലാണു ഷഹ്ബാസിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം കുടുംബ ബിസിനസിലേക്ക് കടക്കുകയായിരുന്നു. സ്വന്തമായി ഉരുക്ക് നിര്‍മാണ കമ്പനിയും ഷഹ്ബാസിനുണ്ട്.
നവാസ് ഷെരീഫിനൊപ്പം 1980ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. പഞ്ചാബ് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അതിവേഗമാണ് ജനപ്രിയനായത്. നവാസ് പാക് പ്രധാനമന്ത്രിയായ 1997ലാണ് ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായി..
പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിയില്‍ നവാസ് പുറത്താക്കപ്പെട്ടതോടെ ഷഹ്ബാസും അധികാരഭ്രഷ്ടനായി. തുടര്‍ന്ന് നാടുകടത്തപ്പെട്ടു. എട്ടുവര്‍ഷത്തെ സൗദി വാസത്തിനു ശേഷം മടങ്ങിവന്ന് 2007ല്‍ വീണ്ടും പഞ്ചാബ് മുഖ്യമ്രന്ത്രിയായി.
പാനമ പേപ്പര്‍ വെളിപ്പെടുത്തലിനെതുടര്‍ന്ന് അഴിമതിക്കേസില്‍ നവാസ് ശരീഫ് ശിക്ഷിക്കപ്പെട്ടതോടെയാണ് ഷഹബസ് ശരീഫ് പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ് വിഭാഗം) ദേശീയ അധ്യക്ഷനായത്.
ഇമ്രാന്‍ ഖാന്‍ പുറത്താകുമ്പോള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന പാകിസ്താനെ മുന്നോട്ടു നയിക്കുക എന്നത് ഷഹ്ബാസിനു വെല്ലുവിളിയായിരിക്കും. ചൈനയുടെ കടക്കെണിയില്‍നിന്ന് പാകിസ്താനെ രക്ഷിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.
അമേരിക്കയുമായുളള നയതന്ത്രബന്ധുവം തകര്‍ച്ചയിലാണ്. ഇത് പാകിസ്താന്റെ സാമ്പത്തിക മേഖലയ്ക്കു നല്‍കിയ തിരിച്ചടി ചെറുതല്ല. നയതന്ത്ര, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു തന്നെയായിരിക്കും ഷഹ്ബാസ് മുന്‍ഗണന നല്‍കുക.