/sathyam/media/post_attachments/o8I6q5yVUVouyozBGEEX.jpg)
ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്, പാക്ക് വംശജനായ ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നിവർ രാജിവച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.
ബോറിസ് ജോൺസൻ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ അടുത്തിടെ ലൈംഗികാരോപണം ഉയർന്നത് വിവാദമായിരുന്നു. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു.
തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞിരുന്നു. മുന്നറിയിപ്പു ലഭിച്ചിട്ടും ഇയാളെ സർക്കാരിലെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസ് ജോൺസന്റെ വീഴ്ചയാണെന്ന നിലപാടാണ് രാജിവച്ച മന്ത്രിമാരുടേത്.
ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നതായി രാജിവെച്ച മന്ത്രിമാർ പറഞ്ഞു. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വ്യക്തമാക്കി.
നല്ല നിലയിൽ മുന്നോട്ടു പോകാൻ ഇനി ബോറിസ് ജോൺസന് സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യ മന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ഋഷി സുനകും ട്വിറ്ററിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us