ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെയ്ക്കുന്നില്ല. ശൈത്യകാലം വരെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തു തുടരും. കൺസർവേറ്റീവ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ വേനൽക്കാലത്തുതന്നെ നടക്കും. ഒക്ടോബറിലെ ടോറി പാർട്ടി കോൺഫറൻസിൽ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ടോറി പാർട്ടിയുടെ വൈസ് ചെയർപഴ്സനായ കരോളിൻ ജോൺസൺ രാജിവച്ചു. ബോറിസിനെ കുറ്റപ്പെടുത്തിയാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. പാർട്ടിയുടെ സൽപ്പേര് ബോറിസ് നശിപ്പിച്ചുവെന്നും പ്രധാനമന്ത്രിക്കെഴുതിയ രാജിക്കത്തിൽ അവർ കൂട്ടിച്ചേർത്തു.
48 മണിക്കൂറിൽ 50ൽ അധികംപേരാണ് മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. ബോറിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കന്മാരും പുതിയതായി നിയമിച്ചവരും ഉൾപ്പെടെയാണ് രാജിവച്ചത്. എന്നാൽ ഇത്രയധികം പേർ രാജിവച്ചിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ബോറിസ് ആദ്യം ശ്രമിച്ചത്. പാർട്ടിയിലെ പിടി അയയുന്നുവെന്ന് വ്യക്തമായപ്പോഴാണ് വെടിനിർത്തലിന് ബോറിസ് തയാറായത്.
കോവിഡ് നിയമം ലംഘിച്ച് നിശാവിരുന്ന് നടത്തിയതും ലൈംഗിക വിവാദങ്ങളും തുടങ്ങി ജോൺസനെ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖല മാന്ദ്യത്തിന്റെ സൂചന നൽകിത്തുടങ്ങി. നാണ്യപ്പെരുപ്പം 11% കടന്നു. ഈയിടെ നടന്ന ഒരു അഭിപ്രായ സർവേയിൽ 69% പേരും ജോൺസൻ സ്ഥാനമൊഴിയണമെന്ന പക്ഷക്കാരായിരുന്നു കൂടുതൽ.