/sathyam/media/post_attachments/fiBiyrGTkgSIoCakT7QD.jpg)
ലണ്ടൻ: ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ജോൺസൺന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.
പുതിയ പ്രധാനമന്ത്രി സ്ഥാനമേൽക്കുന്നതുവരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്തയാഴ്ച ആരംഭിക്കും. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.
ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ക്രിസ് പിഞ്ചർ അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് രാജിക്കാര്യം ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. വിമതപക്ഷത്തുനിന്ന് പുതിയ നേതാവ് അധികാരത്തിൽ എത്തുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us