/sathyam/media/post_attachments/4dsBXgmJoxeRFzmWP9MV.jpg)
റോം: ലോകത്ത് ആദ്യമായി ഒരാള്‍ക്ക് മങ്കിപോക്‌സ്, കൊവിഡ്, എച്ച്‌ഐവി എന്നീ രോഗങ്ങള്‍ ഒരേ സമയത്ത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇറ്റലി സ്വദേശിയായ 36-കാരനാണ് രോഗങ്ങള്‍ സ്ഥിരീകരിച്ചത്. ജേണല്‍ ഓഫ് ഇന്‍ഫെക്ഷനിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
പനി, തൊണ്ടവേദന, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇയാള്‍ക്ക് അനുഭവപ്പെട്ടത്. സ്‌പെയിനില്‍ നിന്ന് എത്തിയപ്പോഴാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നാലെ ചർമത്തിലും ശരീരത്തിലെ മറ്റുപലഭാഗങ്ങളിലും ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു.
സ്വകാര്യ ഭാഗങ്ങളില്‍ പാടുകളും, ചര്‍മ്മത്തിന് ക്ഷതവും ഉള്ളതായി പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മങ്കിപോക്‌സ്, കൊവിഡ്, എച്ച്‌ഐവി എന്നിവ സ്ഥിരീകരിക്കുകയായിരുന്നു. ആഗസ്ത് 19നാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം കൊവിഡ്, മങ്കിപോക്‌സ് എന്നിവ ഭേദമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എച്ച്‌ഐവി ചികിത്സ പുരോഗമിക്കുന്നു.